കോവിഡിന് ശേഷം തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ ആകർഷിച്ച ചിത്രമാണ് ഹൃദയം. വലിയ ഹിറ്റായി മാറിയ ഹൃദയം എന്ന ചിത്രത്തിന് ശേഷം വീണ്ടും അതേ ടീം ഒന്നിക്കുന്ന മറ്റൊരു ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാർ.
പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും കല്യാണി പ്രിയദർശനും ഒപ്പം വലിയൊരു താരനിരയും ഒന്നിക്കുകയാണ്. മെറിലാൻഡ് സിനിമ നിർമിക്കുന്ന ചിത്രത്തിന് ‘വർഷങ്ങൾക്കുശേഷം’ എന്നാണ് പേരിട്ടിരിക്കുന്നത്.
വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളി, അജു വർഗീസ്, ബേസിൽ ജോസഫ് തുടങ്ങിയ വൻതാരങ്ങളുടെ സാന്നിധ്യവുമുണ്ട്. വിനീത് ശ്രീനിവാസനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് സൂചന.
ഹൃദയത്തിന് ശേഷം പ്രണവും വിനീത് ശ്രീനിവാസനും ഒന്നിക്കുന്നതായി വാർത്തകൾ വന്നിരുന്നെങ്കിലും ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് വർഷങ്ങൾക്കുശേഷം എന്ന ചിത്രത്തേക്കുറിച്ച് പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുന്നത്.
നിർമാതാവ് വിശാഖ് സുബ്രഹ്‌മണ്യം ആണ് സിനിമയെ സംബന്ധിച്ച ആദ്യ വിവരം ഒദ്യോഗികമായി പുറത്തുവിട്ടത്. ധ്യാൻ ശ്രീനിവാസൻ, നീരജ് മാധവ്, നീതാ പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്‌മാൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകും. മെറി ലാൻഡ് തന്നെയാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുക.
Discussion about this post