ടീച്ചറുടെ പാട്ടിനൊപ്പം ഡെസ്‌ക്കില്‍ താളമിട്ട് വൈറലായ അഞ്ചാം ക്ലാസ്സുകാരന്‍ ഇനി സിനിമയിലേക്ക്!

ഫൈസൽ ഹുസൈൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിജിത്ത് എത്തുക

കല്‍പ്പറ്റ: ക്ലാസില്‍ ടീച്ചര്‍ പാടിയ പാട്ടിന് ഡെസ്‌കില്‍ താളം കൊട്ടുന്ന ഒരു കൊച്ചു മിടുക്കന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. വയനാട് ജില്ലയിലെ തിരുനെല്ലി കാട്ടിക്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി അഭിജിത്ത് ആയിരുന്നു ടീച്ചറുടെ പാട്ടിന് താളമിട്ട് കൊട്ടിയത്.

സംഗീതാധ്യാപിക അഞ്ജനയുടെ പാട്ടിന് അനുസരിച്ചാണ് അഭിജിത്ത് താളം പിടിച്ചത്. ടീച്ചര്‍ അഞ്ജന തന്നെ മൊബൈലില്‍ പലര്‍ത്തിയ വീഡിയോ അഭിജിത്തിന്റെ ക്ലാസ് ടീച്ചര്‍ പി അര്‍ഷിത ഫേസ്്ബുക്കിലൂടെ പങ്കുവെക്കുകയും പിന്നീട് അത് വൈറലാവുകയും ചെയ്തു.

ഇപ്പോഴിതാ, അഭിജിത്തിന് സിനിമയിലേക്ക് ക്ഷണം വന്നിരിക്കുകയാണ്. ഫൈസല്‍ ഹുസൈന്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന സിനിമയിലാണ് അഭിജിത്ത് അഭിനയിക്കുക. ഷോര്‍ട്ട് ഫിലിമുകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധേയനായ ഫൈസല്‍ ഒരുക്കുന്ന ചിത്രത്തിന്റെ പേര് കട്ടപ്പാടത്തെ മാന്ത്രികന്‍ എന്നാണ്.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വയനാട് കാട്ടിക്കുളം അമ്മാനി കോളനിയിലെത്തിയാണ് അഭിജിത്തിനെ സിനിമയിലേക്ക് ക്ഷണിച്ചത്. കൂലിപ്പണിക്കാരനായ ബിജുവാണ് അഭിജിത്തിന്റെ അച്ഛന്‍. ഒരു സഹോദരിയും ഒരു സഹോദരനുമുണ്ട്. ആതിരയാണ് അമ്മ. ഓല മേഞ്ഞ ഒറ്റമുറി വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്.

മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും വേഷമിടുന്ന ചിത്രമാണ് കട്ടപ്പാടത്തെ മാന്ത്രികന്‍ എന്ന് അണിയറക്കാര്‍ പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം പാലക്കാട് ആരംഭിക്കും.

Exit mobile version