കൊച്ചി: മലയാള സിനിമാ ഷൂട്ടിങ് സെറ്റുകളിലെയും താരങ്ങളുടെയും ലഹരി ഉപയോഗം വലിയ വിവാദമായിരിക്കെ പോലീസ് നിർദേശം സ്വാഗതം ചെയ്ത് താരസംഘടന. സെറ്റുകളിൽ സഹായികളായി എത്തുന്നവർക്ക് പോലീസ് ക്ലിയറൻസ് വേണമെന്ന നിർദേശമാണ് അമ്മ സംഘടന സ്വാഗതം ചെയ്തത്.
ഇതുസംബന്ധിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണറൽ കെ സേതുരാമൻ നൽകിയ കത്തിനെ സ്വാഗതം ചെയ്യുന്നുവെന്ന് നിർമ്മാതാക്കളുടെ സംഘടനയും അറിയിച്ചു. അഞ്ച് വർഷമായി ഫെഫ്കയിലെ സംഘടനകൾ ഇത് പിന്തുടർന്ന് വരികയാണണെന്നും പോലീസിന്റെ നിർദേശം സ്വാഗതം ചെയ്യുന്നുവെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
നിലവിൽ പുതിയ അംഗത്വം എടുക്കുമ്പോഴും പുതുക്കുമ്പോഴും ഒക്കെ പോലീസ് ക്ലിയറൻസ് വേണമെന്നത് തങ്ങൾ പാലിക്കുന്നുണ്ട്. എല്ലാ സംഘടനകളും ഒരുമിച്ച് ഇത് നടപ്പിലാക്കണമെന്നും ബി ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു.
സിനിമാ മേഖലയെന്ന തൊഴിൽ മേഖല സുരക്ഷിതമാക്കുന്നത് നല്ല കാര്യമാണെന്ന് ഇടവേള ബാബു പ്രതികരിച്ചു. സാങ്കേതിക പ്രവർത്തകർക്കൊപ്പവും താരങ്ങൾക്കൊപ്പവും ലൊക്കേഷനുകളിൽ സഹായി എത്താറുണ്ട്.
ഇത്തരത്തിൽ സഹായിയായി എത്തുന്നവരുടെ വിവരം ആർക്കും ലഭ്യമല്ല. ഈ പശ്ചാത്തലത്തിലാണ് അതാത് സ്റ്റേഷനുകളിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദേശം ഉയർന്നിരിക്കുന്നത്.