കൊച്ചി: പ്രമുഖ യൂട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും കഴിഞ്ഞ ദിവസമാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. കൂടുതൽ ഫോളോവേഴ്‌സും വരുമാനവുമുള്ള 13 യൂട്യൂബർമാരുടെ വീടുകളിലാണ് ആദായ നികുതി വകുപ്പ് ഒരേ സമയം റെയ്ഡ് നടത്തിയത്. ഈ കൂട്ടത്തിൽ നടിയും അവതാരകയും യൂട്യൂബറുമായ പേളി മാണിയുടെ പേരുമുണ്ടായിരുന്നു.ദിവസങ്ങൾ പിന്നിടുന്നതിനിടെ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പേളി ഇപ്പോൾ.
സോഷ്യൽമീഡിയയിലൂടെ തന്റെ വീട്ടിൽ നടന്ന റെയ്ഡിനെ കുറിച്ച് പേളി രസകരമായാണ് പ്രതികരിച്ചിരിക്കുന്നത്. ഈ പോസ്റ്റ് വൈറലായിട്ടുമുണ്ട്. പുതിയ സോഷ്യൽ മീഡിയ ആപ്പായ ത്രെഡ്‌സിൽ ഇട്ട പോസ്റ്റിലൂടെയാണ് പേളിയുടെ പ്രതികരണം.
ഇൻകം ടാക്‌സ് റെയ്ഡിനെ കുറിച്ച് പേളി പറയുന്നത് ഇങ്ങനെ:”ഈയിടെ എന്റെ വീട്ടിൽ ഐടി റെയ്ഡ് നടന്നു. എന്നാൽ പിന്നീടാണ് അറിഞ്ഞത്. ഇൻകം ടാക്‌സുകാർ നെറ്റ്ഫ്‌ലിക്‌സിൽ വന്ന ഞാൻ അഭിനയിച്ച ലുഡോ എന്ന ചിത്രം കണ്ട്, എന്റെ കഥാപാത്രം ഷീജ ശരിക്കും ഉള്ളതാണെന്ന് കരുതിയതാണ്. ലുഡോ നെറ്റ്ഫ്‌ലിക്‌സിൽ കണ്ടാൽ ഈ തമാശ മനസിലാക്കാം” എന്നാണ് പേളി ത്രെഡ്‌സിൽ കുറിച്ചത്.
അനുരാഗ് ബസു സംവിധാനം ചെയ്ത് നെറ്റ്ഫ്‌ലിക്‌സിൽ ഇറങ്ങിയ ചിത്രമാണ് ലുഡോ. അതിൽ ഷീജ തോമസ് എന്ന മലയാളിയായാണ് പേളി അഭിനയിച്ചത്. ഒരു ഡോണിന്റെ പണപ്പെട്ടി മോഷ്ടിച്ച് രക്ഷപ്പെടാൻ നോക്കുന്ന കഥാപാത്രമായിട്ടാണ് പേളി എത്തിയത്.