തെലുങ്ക് സൂപ്പർതാരവും ജന സേനാ പാർട്ടി നേതാവുമായ പവൻ കല്യാണും ഭാര്യ അന്ന ലെസ്നേവയും വിവാഹമോചിതരാകുന്നുവെന്ന് റിപ്പോർട്ട് ചെയ്ത് തെലുങ്ക് മാധ്യമങ്ങൾ. മക്കളോടൊപ്പം അന്ന വിദേശത്തേയ്ക്ക് താമസം മാറിയെന്നാണ് റിപ്പോർട്ടുകളിലുള്ളത്. മുൻപ് പവൻ കല്യാണിനൊപ്പം പൊതുചടങ്ങുകളിലും കുടുംബ സദസ്സുകളിലുമെല്ലാം അന്ന എത്തുന്നത് പതിവായിരുന്നു.
എന്നാൽ അടുത്ത കാലത്തായി അന്നയെ പൊതുപരിപാടികളിൽ കാണാറില്ലായിരുന്നു. പവന്റെ അടുത്ത ബന്ധുവായ നടൻ വരുൺ തേജയുടെ വിവാഹ നിശ്ചയത്തിലും, രാം ചരണിന്റെ കുഞ്ഞ് പിറന്നതിലുള്ള പാർട്ടിയിലും അന്ന പങ്കെടുത്തിരുന്നില്ല.
തുടർന്നാണ് വിവാഹമോചന വാർത്തകൾ ശക്തമായത്. ആദ്യ രണ്ടു വിവാഹങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പവൻ കല്യാൺ അന്നയെ വിവാഹം ചെയ്തത്.
1997ലായിരുന്നു പവൻ കല്യാണിന്റെ ആദ്യ വിവാഹം. വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച വിവാഹത്തിന് അധികം ആയുസുണ്ടായില്ല. ഭാര്യ നന്ദിനിയെ കുറച്ചുവർഷങ്ങൾക്കുള്ളിൽ പവൻ വിവാഹമോചനം ചെയ്തു.
പിന്നീടാണ് നടി രേണു ദേശായിയെ വിവാഹം ചെയ്തത്. പവൻ കല്യാണിന്റെ ആദ്യ വിവാഹം തകരാൻ കാരണം രേണുവുമായുള്ള ബന്ധമാണെന്നായിരുന്നു ഗോസിപ്പ് കോളങ്ങൾ പറഞ്ഞിരുന്നത്. ഇരുവരും പിന്നീട് വേർപിരിഞ്ഞു. ഇതിന് ശേഷമാണ് അന്നയുമായി പവൻ അടുത്തത്.
റഷ്യൻ സ്വദേശിയാണ് അന്ന. മോഡലിങ്ങിലും അഭിനയത്തിലും സജീവമായ അന്ന തീൻ മാർ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പവനുമായി സൗഹൃദത്തിലായത്.
2013 ൽ ഇവർ വിവാഹിതരുമായി. ഈ ബന്ധത്തിൽ രണ്ടു മക്കളുണ്ട്. സിംഗപ്പൂരിൽ അന്നയ്ക്ക് ഹോട്ടൽ ശൃംഖലയുണ്ടെന്നാണ് റിപ്പോർട്ടുകൾ. റഷ്യയിലും സിംഗപ്പൂരിലുമായി 1800 കോടി മൂല്യമുള്ള സ്വത്തുക്കൾക്ക് ഉടമയാണ് അന്നയെന്നാണ് റിപ്പോർട്ട്.