കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ 5 കിരീടം ചൂടി സംവിധായകന്‍ അഖില്‍ മാരാര്‍. റെനീഷയ്ക്കാണ് രണ്ടാം സ്ഥാനം, ജുനൈസിന് മൂന്നാം സ്ഥാനം,ശോഭ വിശ്വനാഥിന് നാലാം സ്ഥാനവും ഷിജു അഞ്ചാം സ്ഥാനവും നേടി.
50 ലക്ഷം രൂപയാണ് വിജയിക്ക് സമ്മാനമായി ലഭിച്ചത്. 2021ല്‍ ഒരു താത്വിക അവലോകനം എന്ന ചിത്രം സംവിധാനം ചെയ്താണ് അഖില്‍ മാരാര്‍ പ്രശസ്തനായത്. ഷോയുടെ ആദ്യഘട്ടം മുതല്‍ വിജയപ്രതീക്ഷ നിലനിര്‍ത്തിയയ മത്സരാര്‍ഥിയായിരുന്നു അഖില്‍.
ഗെയിമുകളിലും ടാസ്‌കുകളിലും മികച്ച പ്രകടനം കാഴ്ചവെച്ച മാരാര്‍ക്ക് നിരവധി ആരാധകരെ നേടാന്‍ കഴിഞ്ഞിരുന്നു. സഹമത്സരാര്‍ത്ഥികളുമായി പലതവണ വാക്കേറ്റമുണ്ടാകുകയും കൈയ്യാങ്കളിയുടെ വക്കോളമെത്തിയ നിമിഷങ്ങളും അഖില്‍ മാരാരിലൂടെ ബിഗ് ബോസിലുണ്ടായിരുന്നു.
ഗ്രാന്‍ഡ് ഫിനാലെയുടെ തുടക്കത്തില്‍ ഉണ്ടായ ആദ്യ എവിക്ഷനില്‍ ഷിജു ബിഗ് ബോസ് വീടിനോട് വിടപറഞ്ഞു. അഖില്‍, റെനീഷ, ജുനൈസ്, ശോഭ എന്നിങ്ങനെ ടോപ് ഫോറായി ചുരുങ്ങിയ മത്സരത്തില്‍ രണ്ടാം എവിക്ഷനിലൂടെയാണ് ശോഭ പുറത്തായത്. പിന്നാലെ മൂന്നാമതായി ജുനൈസും എവിക്ടായി.
ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ മോഹന്‍ലാലിനൊപ്പം അഖിലും റെനീഷയും
നിലപാടുകള്‍ അറിയിച്ചും ഗെയിമുകള്‍ ആസൂത്രണം ചെയ്ത് വ്യക്തിത്വം കാത്തുസൂക്ഷിച്ചും ടാസ്‌കുകളില്‍ കഴിവുതെളിയിച്ചും 100 ദിവസം കഴിച്ചുകൂട്ടിയ 5 മത്സരാര്‍ഥികളാണ് ഫൈനല്‍ ദിനത്തിലെത്തിയത്.
സീസണ്‍ ഓഫ് ഒറിജിനല്‍സ് എന്ന് വിശേഷിപ്പിക്കപ്പെട്ട സീസണ്‍ 5 പല നിലയ്ക്കും മുന്‍ സീസണുകളില്‍ നിന്ന് വേറിട്ടതായിരുന്നു. 18 മത്സരാര്‍ഥികളുമായി ആരംഭിച്ച സീസണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി പിന്നീട് പല സമയങ്ങളിലായി മൂന്ന് പേര്‍ കൂടി എത്തി. അങ്ങനെ സീസണില്‍ ആകെ എത്തിയത് 21 മത്സരാര്‍ഥികള്‍. ആദ്യത്തെ കോമണര്‍ മത്സരാര്‍ഥി, ആദ്യമായി ചലഞ്ചേഴ്‌സ്, ആദ്യമായി മണി ബോക്‌സ് ടാസ്‌കില്‍ പണമെടുത്ത ഒരു മത്സരാര്‍ഥി തുടങ്ങി നിരവധി പ്രത്യേകതകള്‍ ഈ സീസണില്‍ ഉണ്ടായിരുന്നു.
21 മത്സരാര്‍ഥികളുമായാണ് ഷോ തുടങ്ങിയത്. റെനീഷ റഹ്‌മാന്‍, റിനോഷ് ജോര്‍ജ്, സെറീന, ശോഭ വിശ്വനാഥ്, സാഗര്‍ സൂര്യ, വിഷ്ണു ജോഷി, എയ്ഞ്ചലിന്‍ മരിയ, ശ്രീദേവി മേനോന്‍, ജുനൈസ്, അഖില്‍ മാരാര്‍, അഞ്ജൂസ് റോഷ്, മനീഷ കെ എസ്, അനിയന്‍ മിഥുന്‍, നാദിറ മെഹ്‌റിന്‍, ഐശ്വര്യ ലച്ചു, ഷിജു എ ആര്‍, ശ്രുതി ലക്ഷ്മി, ഗോപിക ഗോപി എന്നിവരാണ് ആ മത്സരാര്‍ത്ഥികള്‍. ഒപ്പം, വൈല്‍ഡ് കാര്‍ഡ് ആയി ഒമര്‍ ലുലു, ഹനാന്‍, അനു ജോസഫ് എന്നിവരും എത്തി.