തൃശ്ശൂർ: ഗിരിജ തീയേറ്റർ പൂട്ടിക്കാനായി മനഃപൂർവ്വം ആരൊക്കെയോ ചേർന്ന് ശ്രമങ്ങൾ നടത്തുന്നെന്ന് തൃശൂരിലെ ഗിരിജ തിയേറ്റർ ഉടമ ഡോ.ഗിരിജ. കടുത്ത സൈബർ ആക്രമണമാണ് കുറച്ചുനാളായി നേരിടുന്നതെന്നും എന്നിട്ടും സൈബർ പോലീസ് കാര്യമായ നടപടി എടുത്തില്ലെന്നും ഗിരിജ പറയുന്നു.
ഓൺലൈൻ െൈസറ്റുകൾ വഴിയല്ലാതെ ബുക്കിംഗ് സ്വന്തമായി സ്വീകരിക്കാൻ തുടങ്ങിയതോടെയാണ് ഡോ. ഗിരിജയ്ക്കും ഇവരുടെ തിയേറ്ററിനും എതിരെ ആക്രമണങ്ങൾ രൂക്ഷമായത്. തിയേറ്ററിന് നേരെ കടുത്ത ആക്രമണമാണ് നേരിടുന്നത്. അഞ്ചു വർഷമായി നേരിടുന്ന അധിക്ഷേപത്തെ പറ്റി പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നും ഗിരിജ പറയുന്നു.
പന്ത്രണ്ടിലേറെ തവണയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് റിപ്പോർട്ട് ചെയ്ത് പൂട്ടിച്ച ത്. സമൂഹമാധ്യമങ്ങൾ വഴിയും നേരിട്ടും ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയതോടെയാണ് സൈബർ ആക്രമണം തുടങ്ങിയതെന്ന് ഗിരിജ സാക്ഷ്യപ്പെടുത്തുന്നു.
നിലവിൽ തനിക്ക് തിയേറ്ററിൽ ഏത് സിനിമയാണ് കളിക്കുന്നതെന്ന് അറിയിക്കാൻ സോഷ്യൽ മീഡിയാ അക്കൗണ്ടോ ബിസിനസ് അക്കൗണ്ടോ ഇല്ല. ബുക്ക് മൈ ഷോയിലൊന്നും തന്റെ തിയേറ്ററിന്റെ പേരില്ല. ഏക ആശ്രയമായി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമുമാണ് ഉണ്ടായിരുന്നത്. താൻ തന്നെയാണത് കൈകാര്യം ചെയ്തിരുന്നത്. പക്ഷേ 2018 മുതൽ 12ലേറെ തവണയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചത്.
ALSO READ- വിവാഹം കഴിഞ്ഞെത്തിയ ദമ്പതിമാരുടെ തല കൂട്ടിയിടിപ്പിച്ച സംഭവം; കേസെടുത്ത് വനിതാ കമ്മീഷന്‍
പിന്നീട് സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ സ്വയം കൈകാര്യം ചെയ്യുന്നതുകൊണ്ടാണോ ഇങ്ങനെ എന്ന് തോന്നിയിട്ട് അതൊരു പ്രൊമോഷൻ ടീമിനെ ഏൽപിച്ചു. പക്ഷേ അവർക്കും പണികിട്ടിയെന്നാണ് ഡോ. ഗിരിജ പറയുന്നത്.
കായംകുളം എംഎൽഎ പ്രതിഭാ മാഡത്തിന്റെ സഹായംകൊണ്ട് പ്രതിസന്ധികളെ കുറേയൊക്കെ മറികടക്കാൻപറ്റി. ഇൻസ്റ്റാഗ്രാമിലൂടെ പ്രചാരണം നടത്തിവരുമ്പോൾ ആ അക്കൗണ്ടും മാസ് റിപ്പോർട്ട് അടിച്ച് പോയി. ഇപ്പോൾ ഫേസ്ബുക്കോ ഇൻസ്റ്റാഗ്രാമോ ഒന്നുമില്ല. ഏത് സിനിമയാണ് എന്റെ തിയേറ്ററിൽ കളിക്കുന്നതെന്ന് ജനങ്ങളിലേക്കെത്തിക്കാൻ ഒരു മാർഗവുമില്ലെന്ന് കണ്ണീരോടെ ഗിരിജ പറയുന്നു.
ഈ മാഫിയയുടെ പിന്നിൽ ആരാണെന്ന് കണ്ടുപിടിക്കാൻ ഒരു വഴിയുമില്ല. സൈബർ സെല്ലിൽ കുറേ പരാതികൊടുത്തു. പിന്തുണയും കിട്ടുന്നില്ല. വെബ്‌സൈറ്റും മറ്റുമില്ലാതെ നിങ്ങളുടെ തിയേറ്ററിലേക്ക് എങ്ങനെയാണ് സിനിമ നൽകുക എന്നാണ് നിർമാതാക്കൾ ചോദിക്കുന്നത്. ധൈര്യം തന്ന് തന്റെ തിയേറ്ററിലേക്ക് പടം തന്നത് ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജുമാണ്. അവർ മാത്രമേ വാക്കുകൊണ്ട് ആത്മവിശ്വാസം നൽകിയിട്ടുള്ളൂവെന്നും ഗിരിജ വ്യക്തമാക്കി.