പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ‘ആദിപുരുഷ്’ ചിത്രത്തിന് മികച്ച പ്രതികരണം കേൾപ്പിക്കാനായില്ലെങ്കിലും തിയേറ്റർ കളക്ഷനെ വിമർശനങ്ങൾ ബാധിച്ചില്ലെന്ന് റിപ്പോർട്ടുകൾ. സോഷ്യൽമീഡിയയിൽ ട്രോളുകൾ നിറയുമ്പോഴും ചിത്രം തിയേറ്ററിൽ നിറഞ്ഞോടുകയാണ്. ആദ്യ രണ്ട് ദിനങ്ങൾ കൊണ്ട് ചിത്രം ആഗോളതലത്തിൽ 240 കോടി രൂപ നേടി. സിനിമയുടെ നിർമാതാക്കളായ യുവി ക്രിയേഷൻസ് ആണ് കണക്കുകൾ പുറത്തുവിട്ടത്.
ചിത്രം റിലീസ് ദിനത്തിൽ 140 കോടി രൂപ തിയേറ്ററിൽ നിന്നും സമാഹരിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം രണ്ടാം ദിനത്തിൽ 100 കോടി ബോക്‌സോഫീസിൽ നിന്ന് സ്വന്തമാക്കിയെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഞായറാഴ്ചത്തെ കണക്കുകൾ കൂടി പുറത്തുവരുമ്പോൾ ചിത്രം ആഗോളതലത്തിൽ 300 കോടി കടക്കുമെന്നാണ് അനലിസ്റ്റുകളുടെ പ്രവചനം.
ആദിപുരുഷ് വെള്ളിയാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിലെ ഡയലോഗുകളും വിഎഫ്എക്‌സും ഏറെ ട്രോളുകൾക്ക് കാരണമായിരുന്നു. സെയ്ഫ് അലിഖാൻ അവതരിപ്പിച്ച ഹനുമാന്റെ സംഭാഷണവും വിവാദമായിരുന്നു. ഇതോടെ ആദിപുരുഷിലെ ഈ സംഭാഷണങ്ങൾ ഒഴിവാക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.
രാമായണം പ്രമേയമാകുന്ന ചിത്രത്തിൽ രാമനായി പ്രഭാസും കൃതി സനോൺ സീതയുമായി എത്തുന്നു. സെയ്ഫ് അലിഖാൻ, സണ്ണി സിംഗ്, ദേവ്ദത്ത് നാഗേ എന്നിവരാണ് ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രധാന താരങ്ങൾ.