ഏറെ വിവാദമായ ബിഗ് ബോസ് മത്സരാർത്ഥി അനിയൻ മിഥുൻ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ചു. വീക്ലി ടാസ്‌കിൽ കമാൻഡോ ഓഫിസറുമായുള്ള പ്രണയകഥ പറഞ്ഞ് വിവാദത്തിലായ അനിയൻ മിഥുൻ പ്രേക്ഷകരോടും ബിഗ് ബോസിനോടും മാപ്പ് പറഞ്ഞിരിക്കുകയാണ്. ഇവിടെ പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് പറഞ്ഞതെന്നും അതിന്റെ ഗൗരവം മനസ്സിലാക്കി വ്യക്തിപരമായി മോഹൻലാലിനോടും ബിഗ് ബോസിനോടും ക്ഷമ ചോദിക്കുന്നുവെന്നും അനിയൻ മിഥുൻ പറയുന്നു.
”ബിഗ് ബോസ് സമ്മതിക്കുകയാണെങ്കിൽ എനിക്കു പോകണം എന്നാണ് ആഗ്രഹം. മത്സരത്തിന്റെ ഗുഡ് വൈബ് നഷ്ടപ്പെട്ടു. മുന്നോട്ടുപോണം എന്ന് തന്നെയാണ് ആഗ്രഹിച്ചത്. പക്ഷേ കഴിഞ്ഞ എപ്പിസോഡിനു ശേഷം കാര്യങ്ങൾ മാറി. കഴിഞ്ഞ എപ്പിസോഡിലുണ്ടായ സംഭവത്തിൽ എനിക്ക് വ്യക്തിപരമായി സോറി പറയണം എന്ന് തോന്നി.”-മിഥുൻ പറയുന്നു.
”ലാലേട്ടനോടായാലും ബിഗ് ബോസിനോടായാലും പ്രേക്ഷകരോടായാലും എന്നെ ഇഷ്ടപ്പെടുന്ന ആൾക്കാരോടും, ഇന്ത്യൻ ആർമി എന്ന് പറയുന്ന ആ വലിയ ഫോഴ്‌സിനോടും. എനിക്ക് ഈ വേദിയിൽ വച്ചു തന്നെ സോറി പറയണമെന്ന് തോന്നി. എന്റെ കഥയിൽ ഞാൻ പറഞ്ഞ കാര്യം ഏതെങ്കിലും രീതിയിൽ ബാധിച്ചിട്ടുണ്ട് എന്ന് എനിക്ക് അറിയാം. ഞാൻ അത് ന്യായീകരിക്കുകയല്ല, സോറി പറഞ്ഞിട്ട് ഇവിടെ നിന്ന് ഇറങ്ങണം എന്നു തോന്നുന്നു. ഞാൻ പറയാൻ പാടില്ലാത്ത ഒരു കാര്യം ഇവിടെ പറഞ്ഞിട്ടുണ്ടെന്ന് എനിക്ക് ബോധ്യമുണ്ട്.”- അനിയൻ മിഥുൻ പറഞ്ഞു.
നേരത്തെ ബിഗ് ബോസ് ഷോയിൽ വീക്ലി ടാസ്‌കിനിടെ സ്വന്തം ജീവിതാനുഭവം വെളിപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോഴാണ് അനിയൻ മിഥുൻ ഇന്ത്യൻ ആർമിയിലെ തന്റെ പ്രണയകഥ പറഞ്ഞത്. ഒരു പാരാ കമാൻഡോയുമായി ഉണ്ടായ പ്രണയകഥയാണ് മിഥുൻ പറഞ്ഞത്.
കാശ്മീരിൽ ഇന്ത്യൻ ആർമി വിഭാഗത്തിലെ പാരാ കമാൻഡോ ആയ സനയെന്ന ഓഫിസർ റാങ്കിൽ ഒരു വനിതയെ പരിചപ്പെട്ട കഥയാണ് മിഥുൻ പറഞ്ഞത്. അവർപഞ്ചാബി ആയിരുന്നെന്നും പിന്നീട് തന്നെ ഇഷ്ടമാണെന്ന സന രണ്ടുതവണ പറഞ്ഞെന്നും താൻ അത് നിരസിച്ചെന്നുമൊക്കെയാണ് മിഥുൻ പറഞ്ഞത്. അവളോടുള്ള ഇഷ്ടം തുറന്നു പറയുന്നതിന് മുൻപ് ആ ഓഫിസർ ഒരു യുദ്ധത്തിൽ നെറ്റിയിൽ വെടിയുണ്ട തറച്ചു മരിച്ചു എന്നുമായിരുന്നു അനിയൻ മിഥുൻ പറഞ്ഞ കഥ.
ഈ വീക്കിൽ എത്തിയപ്പോൾ ഇന്ത്യൻ ആർമിയെക്കുറിച്ചുള്ള മിഥുന്റെ വെളിപ്പെടുത്തലുകളെ ഷോയുടെ അവതാരകൻ മോഹൻലാലും ചോദ്യം ചെയ്തിരുന്നു. എന്നാൽ മിഥുൻ താൻ പറഞ്ഞ കഥയിൽ ഉറച്ചുനിൽക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ അടക്കം നിരവധി പേർ മിഥുനെ നിശിതമായി വിമർശനം ഉയർന്നതോടെയാണ് ഷോ ഹോസ്റ്റും വിവാദത്തിലായത്.
ശനിയാഴ്ച മോഹൻലാൽ ചോദ്യമുയർത്തിയപ്പോഴും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിന്ന മിഥുൻ ഞായറാഴ്ചത്തെ എപ്പിസോഡിൽ മോഹൻലാലിനോടും പ്രേക്ഷകരോടും മാപ്പ് പറയുകയാണുണ്ടായത്. പക്ഷേ പറഞ്ഞ കാര്യങ്ങൾ തിരുത്തുകയോ അതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ല.