തൃശൂർ: ഹാസ്യതാരം കൊല്ലം സുധിയുടെ വിയോഗത്തിൽ നടുക്കവും കണ്ണീരും പങ്കുവെച്ച് നടൻ ടിനി ടോം. കൊല്ലം സുധിക്ക് ഒപ്പം അവസാനം പങ്കെടുത്ത ഷോയിൽ ടിനി ടോമും ഉണ്ടായിരുന്നു. പിരിയുന്നതിനു മുമ്പ് സുധിയുടെ ആഗ്രഹപ്രകാരം ഒരുമിച്ചൊരു ചിത്രവും എടുത്തെന്നാണ് ടിനി പറയുന്നത്.
ഈ അവസാന ചിത്രം പങ്കുവച്ചായിരുന്നു ടിനി ടോം കണ്ണീരിൽ കുതിർന്ന വാക്കുകളോടെ ആദരാഞ്ജലി നേർന്നത്. ”ദൈവമേ വിശ്വസിക്കാൻ ആകുന്നില്ല, ഇന്നലെ ഒരുമിച്ചായിരുന്നു വേദിയിൽ. രണ്ട് വണ്ടികളിൽ ആയിരിന്നു ഞങ്ങൾ തിരിച്ചത്. പിരിയുന്നതിനു മുൻപ് സുധി ഒരു ആഗ്രഹം പറഞ്ഞു, ഒരുമിച്ചു ഒരു ഫോട്ടോ എടുക്കണം, എന്നിട്ടു ഈ ഫോട്ടോ എനിക്ക് അയച്ചും തന്നു. ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത്. മോനെ ഇനി നീ ഇല്ലേ.. ആദരാഞ്ജലികൾ മുത്തേ.”-ടിനി ടോം കുറിച്ചു.
കോഴിക്കോട് നിന്നും പരിപാടി കഴിഞ്ഞ് തിരിച്ച കൊല്ലം സുധിയും സഹപര്വർത്തകരും ഇന്നു പുലർച്ചെ 4.30ന് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചാണ് അപകടത്തിൽപെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പ് വാനുമായി ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർ പരുക്കേറ്റ് ചികിത്സയിലാണ്.