തെന്നിന്ത്യൻ സിനിമകളിൽ വില്ലൻ വേഷങ്ങളിലൂടെ സുപരിചിതനായ നടൻ ആശിഷ് വിദ്യാർത്ഥി വിവാഹിതനായി. അസം സ്വദേശിനി രുപാലി ബറുവയാണ് വധു. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചെറിയ ചടങ്ങായിരുന്നു വിവാഹം.
ദേശീയ അവാർഡ് ജേതാവായ ആശിഷ് ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം തുടങ്ങി നിരവധി ഭാഷകളിലെ സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആസാം സ്വദേശിനിയാണ് രുപാലി. അതുകൊണ്ട് തന്നെ രണ്ട് സംസ്‌കാരങ്ങളുടെ സമന്വയമായിരുന്നു വിവാഹം.
അസാമിന്റെ പ്രത്യേകതയായ വെള്ളയും സ്വർണ്ണനിറവും കലർന്ന മേഖേല ചാദോറിൽ സുന്ദരിയായാണ് രുപാലി എത്തിയത്. മുണ്ടും ജുബ്ബയും അണിഞ്ഞ് കേരള ലുക്കിലായിരുന്നു വരൻ ആശിഷ്. ഗുവാഹത്തി സ്വദേശി രൂപാലി കൊൽക്കത്തയിൽ ഒരു ഫാഷൻ സ്റ്റോർ നടത്തിവരികയാണ്. നേരത്തെ മുൻകാല നടി ശകുന്തള ബറുവയുടെ മകൾ രാജോഷി ബറുവയെ ആശിഷ് വിദ്യാർഥി വിവാഹം കഴിച്ചിരുന്നു.
‘എന്റെ ജീവിതത്തിന്റെ ഈ ഘട്ടത്തിൽ, രൂപാലിയെ വിവാഹം കഴിക്കുന്നത് അസാധാരണമായ ഒരു വികാരമാണ്. ഞങ്ങൾ കുറച്ച് കാലം മുമ്പാണ് കണ്ടുമുട്ടിയത്. അത് അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഞങ്ങളുടെ വിവാഹം ഒരു ചെറിയ കുടുംബകാര്യം മാത്രമായിരിക്കണമെന്ന് രണ്ടുപേരും ആഗ്രഹിച്ചു. രാവിലെ വിവാഹവും വൈകിട്ട് ഒരു ചെറിയ പാർട്ടിയും നടത്തുകയാണ്’- ആശിഷ് വിദ്യാർത്ഥി കുറിച്ചു.
വില്ലൻ വേഷങ്ങളിലൂടെ പ്രശസ്തനായ ആശിഷ് വിദ്യാർത്ഥി 1962 ജൂൺ 19 ന് ഡൽഹിയിലാണ് നടൻ ജനിച്ചത്. 1986 മുതൽ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, ഒഡിയ, മറാത്തി, ബംഗാളി എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. 11 വ്യത്യസ്ത ഭാഷകളിലായി 300 ഓളം സിനിമകളുടെ ഭാഗമായ താരമാണ് ആശിഷ്.
Discussion about this post