ഷെൽട്ടർ ഹോമിലെ കൊച്ചുകുട്ടികൾക്ക് ഒപ്പം ജന്മദിനം ആഘോഷിച്ച് മോഹൻലാൽ. താരത്തിന്റെ 63-ാം ജന്മദിനം ഹം(HUM) ഫൗണ്ടേഷൻ നടത്തുന്ന ഷെൽട്ടർ ഹോമായ ഏയ്ഞ്ജൽസ് ഹട്ടിലെ കുഞ്ഞുങ്ങൾക്കൊപ്പമാണ് മോഹൻലാൽ പിറന്നാൾ ആഘോഷിച്ചത്. കേക്കു മുറിച്ച് ജന്മദിനം ആഘോഷിച്ച മോഹൻലാൽ കുഞ്ഞുങ്ങൾക്ക് ജന്മദിനത്തിന്റെ സന്തോഷത്തിൽ സമ്മാനപ്പൊതികളും നൽകി.
‘കൊച്ചു മാലാഖമാരുടെ അനുഗ്രഹങ്ങളോടെ ഒരു എളിയ ജന്മദിന ആഘോഷം’ എന്നാണ് ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് മോഹൻലാൽ കുറിച്ചത്. അപ്രതീക്ഷിതമായിരുന്നു മോഹൻലാലിന്റെ കുഞ്ഞിങ്ങളോടൊപ്പമുള്ള ആഘോഷപരിപാടികൾ.
അതേസമയം, വമ്പൻ ചിത്രങ്ങളാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ലിജോ ജോസ് പെല്ലിശേരി ചിത്ര’മായ മലൈകോട്ടൈ വാലിബൻ’ വേണ്ടിയാണ് പ്രേക്ഷകരുടെ കാത്തിരിപ്പ് മുഴുവൻ. രാജസ്ഥാനിലെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം ചെന്നൈയിലാണ് സിനിമയുടെ രണ്ടാമത്തെ ഷെഡ്യൂൾ നടക്കുക.
‘എമ്പുരാൻ’ ചിത്രത്തിന്റെ അപ്ഡേറ്റും ഉടനെ ഉണ്ടാകുമെന്നാണ് ആരാധകർ കരുതുന്നത്. രജനികാന്തിന്റെ ‘ജയിലർ’ എന്ന ചിത്രത്തിലും നിർണായകമായ കാമിയോ റോളിൽ മോഹൻലാൽ വേഷമിടുന്നുണ്ട്.