കഴിഞ്ഞദിവസത്തെ മാതൃദിനം ഏറെ ആഘോഷമായാണ് എല്ലാവരും കൊണ്ടാടിയത്. സോഷ്യൽമീഡിയയിൽ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങളുമായി സെലിബ്രിറ്റികളും സാധാരണക്കാരുമെല്ലാം സന്തോഷം പങ്കുവെച്ചിരുന്നു.
ഇതിനിടയിൽ വ്യത്യസ്തമായ ഒരു സന്തോഷം പങ്കുവെച്ചാണ് നടി അഭിരാമി രംഗത്തെത്തിയിരിക്കുന്നത്. മാതൃദിനത്തിൽ ജീവിതത്തിലെ വലിയ സന്തോഷ വാർത്തയാണ് പങ്കുവച്ചിരിക്കുന്നത് താരം. താൻ കഴിഞ്ഞവർഷം അമ്മയായെന്നും ഈ വർഷത്തെ മാതൃദിനം ആഘോഷിക്കാൻ കൂടെ ഒരു മകളുണ്ടെന്നും കുറിച്ചിരിക്കുകയാണ് അഭിരാമി. കഴിഞ്ഞവർഷം താനും ഭർത്താവും ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത് തങ്ങൾ മാതാപിതാക്കൾ ആയിരിക്കുന്നുവെന്നാണ് അഭിരാമി അറിയിച്ചിരിക്കുന്നത്.
കൽക്കിയെന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നതെന്നും താരം കുറിച്ചിട്ടുണ്ട്. എല്ലാവരുടെയും പ്രാർഥനകളും അനുഗ്രങ്ങളും തങ്ങൾക്കുണ്ടാകണമെന്നും അഭിരാമി കുറിച്ചു.
”പ്രിയ സുഹൃത്തുക്കളെ, എല്ലാ അമ്മമാർക്കും എന്റെ മാതൃദിന ആശംസകൾ. ഞാനും എന്റെ ഭർത്താവ് രാഹുലും കൽക്കി എന്ന പെൺകുഞ്ഞിന്റെ മാതാപിതാക്കളായത് ഏറെ സന്തോഷത്തോടെ അറിയിക്കുകയാണ്. കഴിഞ്ഞ വർഷമാണ് ഞങ്ങൾ ഞങ്ങളുടെ മകളെ ദത്തെടുത്തത്. അത് ഞങ്ങളുടെ ജീവിതത്തെ എല്ലാ വിധത്തിലും മാറ്റിമറിച്ചു. ഇന്ന് ഈ മാതൃദിനം ഒരു അമ്മയായി ആഘോഷിക്കാൻ കഴിഞ്ഞതിൽ ഭാഗ്യവതിയാണ്. ഞങ്ങൾ ഈ പുതിയ കടമയിലേക്ക് കടക്കുമ്പോൾ നിങ്ങളുടെയെല്ലാം അനുഗ്രഹാശിസുകൾ ഞങ്ങൾക്കും കുടുംബത്തിനും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.”- അഭിരാമി കുറിച്ചതിങ്ങനെ.
ഹെൽത്ത് കെയർ ബിസിനസ്സ് കൺസൾട്ടന്റായ രാഹുൽ പവനനെയാണ് അഭിരാമി വിവാഹം ചെയ്തിരിക്കുന്നത്. 2009ലായിരുന്നു താരത്തിന്റെ വിവാഹം. പെൺകുഞ്ഞിനെ ദത്തെടുത്തു എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. അഭിരാമിക്ക് മാതൃദിന ആശംസകൾ നേരുകയാണ് ആരാധകർ.