തനിക്ക് എതിരെ സംവിധായകൻ ജൂഡ് ആന്റണി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ആന്റണി വർഗീസ് പെപെ രംഗത്ത്. സിനിമയിലെ പ്രശ്‌നങ്ങളിലേക്ക് കുടുംബത്തെ പ്രശ്നത്തിലേക്ക് വലിച്ചിഴച്ചതുകൊണ്ടാണ് ഇപ്പോൾ പ്രതികരിക്കുന്നതെന്ന് ആന്റണി വർഗീസ് പറയുന്നു. പത്രസമ്മേളനംവിളിച്ചായിരുന്നു ആന്റണി വർഗീസിന്റെ പ്രതികരണം.
നേരത്തെ, ആന്റണി വർഗീസ് ഒരു നിർമാതാവിന്റെ കൈയിൽ നിന്നും പണം വാങ്ങിയിട്ട് ചിത്രീകരണത്തിന് 18 ദിവസം മുൻപ് പിന്മാറിയെന്നും ആ പണം കൊണ്ട് പെങ്ങളുടെ വിവാഹം നടത്തിയെന്നും ജൂഡ് ആരോപിച്ചിരുന്നു. പിന്നീടാണ് പണം തിരികെ നൽകിയതെന്നും ജൂഡ് ആരോപിച്ചിരുന്നു, ഈ നിർനമാതാവും ഭാര്യയും തനിക്ക് മുന്നിൽ വന്ന് കരഞ്ഞുവെന്നായിരുന്നു ജൂഡിന്റെ വാക്കുകൾ.
ഈ ആരോപണങ്ങളോടാണ് ആന്റണി വർഗീസ് മറുപടി നൽകിയിരിക്കുന്നത്. എന്നെപ്പറ്റി ജൂഡ് ആന്റണി ഒരുപാട് ആരോപണങ്ങൾ ഉന്നയിച്ചു. എന്നെക്കുറിച്ച് എന്തു വേണമെങ്കിലും അദ്ദേഹം പറഞ്ഞോട്ടെ. എനിക്ക് പ്രശ്നമില്ല. അതുകൊണ്ടായിരുന്നു മിണ്ടാതിരുന്നത്. എന്നാൽ എന്റെ അനുജത്തിയുടെ വിവാഹം സിനിമയുടെ അഡ്വാൻസ് തുക കൊണ്ടാണ് നടത്തിയത് എന്നൊക്കെ പറയുമ്പോൾ അത് സഹിക്കാൻ പറ്റില്ലെന്നാണ് ആന്റണി വർഗീസ് പ്രതികരിച്ചത്.
ഇക്കാര്യം എന്റെ മാതാപിതാക്കൾക്കെല്ലാം വലിയ വിഷമമായി. കാര്യം അവർ സമ്പാദിച്ച പണം കൊണ്ടാണ് മകളുടെ വിവാഹം നടത്തിയത്. എന്റെ ഭാര്യയെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തിൽ ഒരുപാട് കമന്റുകളാണ് വരുന്നത്. അതുകൊണ്ടു മാത്രമാണ് പ്രതികരിക്കാമെന്ന് കരുതിയതെന്ന് ആന്റണി വർഗീസ് പറയുന്നു.
‘ഞാൻ നിർമാതാവിന് പണം തിരികെ നൽകിയ ദിവസം 27, ജനുവരി 2020. എന്റെ സഹോദരിയുടെ വിവാഹം നടത്തിയത് 18, ജനുവരി 2021. അതായത് അവരുടെ പണം ഞാൻ തിരികെ നൽകി ഒരു വർഷത്തിന് ശേഷമായിരുന്നു അനുജത്തിയുടെ വിവാഹം. എനിക്ക് ടൈം ട്രാവൽ വച്ച് പോകാൻ സാധിക്കുകയില്ല. എല്ലാ രേഖകളും പരിശോധിക്കാം.”- എന്ന് ആന്റണി ആരോപണങ്ങൾക്ക് മറുപടി നൽകി.
തന്റെ അമ്മ ജൂഡ് ആന്റണിയ്ക്കെതിരേ കേസ് നൽകിയിട്ടുണ്ടെന്നും ഒരമ്മയ്ക്കും സഹിക്കാനാകാത്ത കാര്യമാണ് അദ്ദേഹം പറഞ്ഞതെന്നും ആന്റണി വർഗീസ് വിശദീകരിച്ചു.
ഈ സിനിമയുടെ സെക്കന്റ് ഹാഫിൽ എനിക്ക് ആശയക്കുഴപ്പമുണ്ടായി. അതേക്കുറിച്ച് സംസാരിച്ചപ്പോൾ ജൂഡ് ആന്റണി അസഭ്യം പറഞ്ഞു. തുടർന്നാണ് സിനിമയിൽ നിന്ന് പിൻമാറിയത്. മൂന്ന് വർഷം മുൻപ് ചർച്ച ചെയ്ത് സംഘടനകൾ വഴി പ്രശ്നം പരിഹരിച്ച കാര്യമാണ്. ഇപ്പോൾ എന്തിനാണ് ഇത് ഉയർത്തികൊണ്ടുവന്നതെന്നും ആന്റണി വർഗീസ് ചോദിച്ചു.
ജൂഡ് ആന്റണി എന്റെ ഇപ്പോൾ ആർഡിഎക്സ് എന്ന സിനിമ സംവിധാനം ചെയ്ത നഹാസിന്റെ പേര് വലിച്ചിട്ടു. ആരവം എന്ന സിനിമ നടക്കാതെ പോയത് ശാപം കൊണ്ടാണെന്ന്. ഒരു സംവിധായകൻ വളർന്ന് വരുന്ന സംവിധായകന്റെ സിനിമയെക്കുറിച്ച് ഇങ്ങനെയാണോ പറയുന്നതെന്ന് താരം ചോദിക്കുന്നു.
ജൂഡ് ആന്റണിയുടെ സിനിമ കുടുംബസമേതം പോയി കണ്ടതാണ്. ഗംഭീര സിനിമയാണ്. പക്ഷേ ആ സിനിമയ്ക്ക് ലഭിച്ച വിജയം എന്റെ ജീവിതം നശിപ്പിക്കാൻ ഉപയോഗിക്കുന്നു. അദ്ദേഹം അതിനെ ദുരുപയോഗം ചെയ്യുന്നു. ഇതെന്റെ ഭാവിയെയാണ് ബാധിക്കുന്നത്. എന്നെ വച്ച് സിനിമ എടുക്കാൻ പോകുന്ന നിർമാതാക്കൾ എന്ത് വിചാരിക്കും. ഒരാൾക്ക് വിജയം ഉണ്ടാകുമ്പോൾ അയാൾ പറഞ്ഞത് കേൾക്കാൻ എല്ലാവരും ഉണ്ടാകുമെന്നും ആന്റണി പറഞ്ഞു.
കൂടാതെ, തനിക്ക് കഴിവില്ല, യോഗ്യതയില്ല എന്നെല്ലാം ജൂഡ് പറഞ്ഞെന്നും അദ്ദേഹം ആരാണ് തന്റെ യോഗ്യത അളക്കാനെന്നും താരം ചോദിക്കുന്നു. ശരി കഴിവുണ്ടാകില്ല, പക്ഷേ താൻ സ്വപ്നങ്ങളെ പിന്തുടരുന്ന വ്യക്തിയാണ്. തനിക്ക് ആ ബോധ്യം മതി. ലിജോ ജോസ് പെല്ലിശ്ശേരി അവസരം നൽകിയത് കൊണ്ടു മാത്രമാണ് താൻ സിനിമയിൽ വന്നത് എന്ന് അദ്ദേഹം പറഞ്ഞു. സത്യമാണ് അങ്ങനെ തന്നെയാണ്. ആരെങ്കിലും അവസരം നൽകിയാണ് എല്ലാവരും സിനിമയിൽ എത്തുന്നത്. താൻ മാത്രമല്ല. ജൂഡ് ആന്റണി ഭൂമിയിൽ നിന്ന് പെട്ടെന്ന് പൊട്ടിമുളച്ചുണ്ടായതല്ലല്ലോ. അദ്ദേഹത്തിന് ഒരു നിർമാതാവ് അവസരം നൽകിയത് കൊണ്ടാണ് സിനിമയിലെത്തിയതെന്നും ആന്റണി വർഗീസ് വിശദീകരിച്ചു.
Discussion about this post