മലയാള സിനിമാ ലോകത്തെ ലഹരി ഉപയോഗത്തെ കുറിച്ച് ചർച്ചകൾ ഉയരുന്നതിനിടെ കർശന നടപടി സർക്കാർ സ്വീകരിക്കുന്നതിനെ പിന്തുണച്ച്‌നിഖില വിമൽ. സിനിമാ ലൊക്കേഷനുകളിൽ ഷാഡോ പോലീസ് പരിശോധന നടത്തുന്നതിൽ തെറ്റില്ലെന്ന് നിഖിലാ വിമൽ പറഞ്ഞു. കണ്ണൂർ പ്രസ് ക്‌ളബിൽ ജേർണലിസ്റ്റ് വോളി ലീഗിന്റെ തീം സോങ് പ്രകാശത്തിന് എത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.
ഈ തരത്തിലുള്ള വിഷയങ്ങളിൽ ഫെഫ്ക പോലുള്ള സംഘടനകളാണ് തീരുമാനമെടുക്കേണ്ടത് എന്നും നിഖില പറഞ്ഞു. മദ്യം ലഹരിയാണ് പക്ഷെ മദ്യം എവിടെയും നിരോധിച്ചിട്ടില്ല. സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗം മറ്റുള്ളവർക്ക് ശല്യമാകുന്നുണ്ടെങ്കിൽ നിയന്ത്രിക്കണം.
അതോടൊപ്പം മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും ചോയ്സാണെന്നും എന്നാൽ ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തന്റെ സിനിമ ലൊക്കേഷനുകളിൽ ഉണ്ടായിട്ടില്ലെന്നും നിഖില വ്യക്തമാക്കി. തനിക്ക് പേഴ്‌സണലായി അത്തരം അനുഭവങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നാണ് നിഖില പറയുന്നത്.
താൻ മുൻപ് പറഞ്ഞ കാര്യങ്ങൾ അടർത്തിയെടുത്ത് അതിനെ വളച്ചൊടിച്ച് മാധ്യമങ്ങൾ തനിക്കെതിരെ പ്രചരിപ്പിച്ചുവെന്ന് നിഖില കുറ്റപ്പെടുത്തി. പ്രത്യേക മതവിഭാഗത്തിലെ സ്ത്രീകളെക്കുറിച്ച് താൻ ഒന്നും പറഞ്ഞിട്ടില്ല. ഓരോ നാടിന്റെയും പ്രത്യേകതകളെക്കുറിച്ചു സംസാരിക്കുകയായിരുന്നു. എന്നാൽ ഇത് മാത്രം അടർത്തിയെടുത്ത് വെറുതെ വിവാദങ്ങൾ സൃഷ്ടിച്ചത് മാധ്യമങ്ങളാണെന്നും താരം പറഞ്ഞു.