കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ ശബരിമല കര്‍മ്മ സമിതി നടത്തിയ ഹര്‍ത്താലിനെ പരോക്ഷമായി വിമര്‍ശിച്ച് നടന്‍ അജു വര്‍ഗീസ്. ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്തൊട്ടാകെ വ്യാപകമായ ആക്രമണ സംഭവങ്ങളാണ് അരങ്ങേറിയത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം കാലാപാനിയിലെ ഒരു രംഗത്തിന്റെ വിഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് അജു പ്രതികരിച്ചിരിക്കുന്നത്.
ചിത്രത്തില്‍ മോഹന്‍ലാല്‍ വിദേശിയോട് പറയുന്ന ഡയലോഗാണ് വീഡിയോയിലുള്ളത്. ‘അതാണ് നിങ്ങളുടെ ഉദ്ദേശം. നിങ്ങള്‍ ഇന്ന് ഭരിക്കുന്ന ഒരു രാജ്യവും നാളെ സ്വാതന്ത്ര്യം കിട്ടിയാലും പുരോഗമിക്കാന്‍ പാടില്ല എന്ന ഫ്യൂഡല്‍ കോംപ്ലക്‌സ്. അതിനാണ് ഡിവൈഡ് ആന്‍ഡ് റൂള്‍ എന്ന പോളിസിയുടെ പേരില്‍ മതവൈരാഗ്യത്തിന്റെ വിത്തുകള്‍ ഇന്നേ പാകിയിട്ടുള്ളത്. പക്ഷേ, ഇന്ന് നിങ്ങള്‍ ഈ ചെയ്യുന്ന ദ്രോഹം നാളെ ഈ രാജ്യത്തിന് സ്വാതന്ത്രൃം കിട്ടിയാലും ആളിപ്പടരും. അത് രാജ്യത്തെ നശിപ്പിക്കും. പക്ഷേ ഇന്ത്യയ്ക്ക് ഒരു മതമേ ഉള്ളൂ എന്ന് എല്ലാ ഇന്ത്യക്കാരും മനസിലാക്കുന്ന ഒരു ദിനം വരും. അതാണ് ദേശഭക്തി’ എന്നാണ് മോഹന്‍ലാലിന്റെ ഡയലോഗ്.
അതേസമയം, അജുവിന്റെ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വലിയ ചലനമാണ് ഉണ്ടാക്കിയിരിക്കുന്നത്. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തു വന്നിരിക്കുന്നത്.