നിർമ്മാതാക്കളുടെ സംഘടന ഉൾപ്പടെയുള്ള സിനിമ സംഘടനകൾ ശ്രീനാഥ് ഭാസിയോടും, ഷെയിൻ നിഗത്തിനോടും സഹകരിക്കേണ്ട നിലപാട് എടുത്തതിന് പിന്നാലെ പ്രതികരിച്ച് സംവിധായകൻ വിജയകുമാർ പ്രഭാകരൻ. ശ്രീനാഥ് ഭാസിയെ വെച്ച് പുതിയ സിനിമ ഒരുക്കുന്ന വിജയകുമാർ താൻ ആ സിനിമ എന്തുവന്നാലും നിർത്തിവെയ്ക്കില്ലെന്ന് പ്രതികരിച്ചു.
ശ്രീനാഥ് ഭാസി അഭിനയിക്കുന്ന ‘കുണ്ടറ അണ്ടിയാപ്പീസ്’ എന്ന സിനിമയുടെ വാർത്ത സമ്മേളനത്തിലാണ് വിജയകുമാർ പ്രഭാകർ ശ്രീനാഥ് ഭാസിയെ പിന്തുണച്ച് സംസാരിച്ചത്. ശ്രീനാഥിനെ വെച്ച് സിനിമ ഇറക്കുമെന്നും ഒരാളുടെ ആറ്റിറ്റിയൂഡ് നോക്കി ഒരിക്കലും ആളുകളെ എവിടെയും മാറ്റി നിർത്തരുതെന്നാണ് തന്റെ നിലപാടെന്നും വിജയകുമാർ പറഞ്ഞു.
‘ശ്രീനാഥ് ഭാസി തനിക്ക് ഇത്ര രൂപയുടെ കച്ചവടമുണ്ടെന്ന് പറഞ്ഞാൽ അതുണ്ടെങ്കിൽ ആ പണം കൊടുക്കുന്നത് കൊണ്ട് എന്താണ് തെറ്റെന്ന് വിജയകുമാർ ചോദിക്കുന്നു. കാലം മാറി. നമ്മൾ ജീവിക്കുന്നത് എല്ലാം ബിസിനസിലൂടെ കാണുന്ന ലോകത്താണ്. അവർക്ക് നഷ്ടം വന്നെന്ന് കരുതി വാങ്ങിയ പൈസ തിരിച്ചു കൊടുക്കാൻ നിൽക്കുന്നവരാണോ ഇവർ. മുപ്പത് ദിവസം ജോലി ചെയ്തിട്ട് 25 ലക്ഷം രൂപ ഞാൻ മേടിച്ചിട്ട് നിങ്ങൾക്ക് നഷ്ടം വന്നാൽ ഞാൻ എന്തിന് ആ പണം തിരിച്ചു തരണം. അതിന്റെ ലോജിക് എവിടെ?. ഞങ്ങളുടെ സിനിമയിൽ ഭാസി ചോദിച്ചത് വളരെ ചെറിയ തുകയാണ്.’ എനിക്ക് ഭാസിയെ കുറ്റം പറയാൻ പറ്റുന്നില്ലെന്നും വിജയകുമാർ വിശദീകരിച്ചു.
ശ്രീനാഥ് തന്റെ അടുത്ത് വരാമെന്ന് പറഞ്ഞിട്ട് വന്നിരുന്നു. എന്നാൽ ഇപ്പോൾ ഷൂട്ട് ചെയ്യേണ്ടെന്ന് പറഞ്ഞത് താൻ തന്നെയാണ്. ഇങ്ങനെയൊരു സാഹചര്യം നിലവിൽ ഉള്ളതിനാൽ വെറുതെ നമ്മളൊരു പ്രശ്‌നം ഉണ്ടാക്കേണ്ടെന്ന് പറയുകായിരുന്നു. ഇതുതന്നെയാണ് പ്രൊഡ്യൂസറും പറഞ്ഞത്.
‘ഓരോ സംഘടനകൾക്കും ഓരോ നിലപാട് ഉണ്ടാകും. അവരെത്ര പൈസ മേടിച്ചെന്ന ചോദിക്കാനുള്ള യാതൊരു അർഹതയും നമുക്കില്ല. യുവ താരങ്ങളെല്ലാം 25 , 50 ലക്ഷം മേടിക്കുമ്പോൾ 3 , 4 കോടിയുടെ കച്ചവടവും നടക്കുന്നുണ്ട്. അതൊരു സാധാരണക്കാരനെ വെച്ച് ചെയ്താൽ മൂന്നാല് കോടിയുടെ കച്ചവടം കിട്ടില്ല. അപ്പോൾ അവർ പണം ചോദിച്ചാൽ എന്താണ് പ്രശ്‌നം.’
ഏത് സംഘടനയായാലും പലതരത്തിലുള്ള ആളുകളുണ്ടാകും. പല അച്ഛനും അമ്മയ്ക്കും ജനിച്ച ആളുകളുണ്ടാകും. അവർ പല തരത്തിലുള്ള അഭിപ്രായം പറയും. വേറെ ഒരാൾ പറഞ്ഞ കാര്യം തെറ്റാണെന്ന് പറയാൻ താൻ അർഹനല്ല. ചിലപ്പോൾ താൻ പറയുന്നായിരിക്കും തെറ്റ്. അത് വേർതിരിച്ചെടുക്കാൻ പറ്റില്ല.
തന്നോടാരും സിനിമ നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ല. ആവിശ്യപ്പെട്ടാൽ നിർത്തുകയുമില്ല. ആര് പറഞ്ഞാലും നിർത്തില്ല. സിനിമ ഷൂട്ട് ചെയ്യും. ഭാസിക്ക് ബുദ്ധിമുട്ടുണ്ടാകണ്ട കരുതിയാണ് ഷൂട്ടിങ് പത്ത് ദിവസത്തേക്ക് നിർത്തി വെച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.