മലയാള സിനിമാലോകത്തിന്റെ എവർഗ്രീൻ താരമാണ് ഷീല. സിനിമാഭിനയം നിർത്തിയ താൻ വീണ്ടും സിനിമയിലേക്ക് എത്തിയതിന് പിന്നിലെ പ്രേരണയെ കുറിച്ച് വെളിപ്പെടുത്തികയാണ് ഷീല ഇപ്പോൾ.
ആവശ്യത്തിലധികം പണം സമ്പാദിച്ച താൻ ഇനി അഭിനയിക്കില്ലെന്ന് തീരുമാനിച്ചിരുന്നു എന്നും എന്നാൽ, മാതാ അമൃതാനന്ദമയിയുടെ നിർബന്ധമാണ് തന്നെ വീണ്ടും സിനിമയിലെത്തിച്ചത് എന്നും ഷീല പറയുന്നു.
താൻ അഭിനയം നിർത്തിയ കാലത്തും സത്യൻ അന്തിക്കാട്, ശ്യാമപ്രസാദ് തുടങ്ങിയ സംവിധായകർ വിളിച്ചുകൊണ്ടേയിരുന്നു. ഷീല ഇല്ലെങ്കിൽ സിനിമ എടുക്കില്ലെന്ന് വരെ പറഞ്ഞു. ഇനി അഭിനയിക്കുമ്പോൾ മാത്രമേ അകലെ എന്ന സിനിമ എടുക്കൂ എന്നാണ് ശ്യാമപ്രസാദ് അന്ന് പറഞ്ഞിരുന്നത്.
പിന്നീട് ഈ സമയത്താണ് നടി വനിതയും ഭർത്താവ് കൃഷ്ണചന്ദ്രനും ചെന്നൈയിലെത്തിയ മാതാ അമൃതാനന്ദമയി അമ്മയെ കാണാൻ പോകുന്ന കാര്യം പറഞ്ഞത്. തനിക്ക് സിനിമാ നടിമാരെയോ നടന്മാരെയോ കാണുന്നത് ഇഷ്ടമല്ല, ഇതുപോലുള്ള വലിയ മനുഷ്യരെ കാണാനാണ് ഇഷ്ടം. പത്രക്കാര്, കഥ എഴുതുന്നവർ ഇവരെയൊക്കെ കാണണമെന്നാണ് ആഗ്രഹം.
സാഹിത്യലോകത്തെ കമലാദാസ്, കെ ആർ മീര, തകഴി ശിവശങ്കരപ്പിള്ള തുടങ്ങിയവരെയൊക്കെ കാണാൻഒരുപാട് ആഗ്രഹിച്ചതാണ്. അതുകൊണ്ട് തന്നെ അവസരം കിട്ടിയപ്പോൾ അങ്ങനെ അമ്മയെ കാണാൻ താൻ അവരോടൊപ്പം പോയി.
തന്നെ കണ്ടയുടൻ അമ്മ പറഞ്ഞു താനൊന്ന് കെട്ടിപ്പിടിക്കട്ടെ എന്ന്. എന്നിട്ട് അമ്മ തന്റെ തോളിൽ കുറേ സമയം കിടക്കുകയായിരുന്നു. ഈ സമയത്ത് തന്റെ കണ്ണ് നിറഞ്ഞു. ഇത്രയും വലിയൊരാൾ കെട്ടിപ്പിടിച്ചു- ഷീല പറയുന്നു.
‘അന്ന് അമ്മയോട് പറഞ്ഞു. അമ്മാ, ഞാൻ അഭിനയം നിർത്തി. ആഗ്രഹിച്ചിട്ട് വേണ്ടി സിനിമയിൽ വന്നതല്ല. പണത്തിനു വേണ്ടിയാണ്. ഞങ്ങളുടെ വീട്ടിൽ ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. എല്ലാം നിർത്തി. പത്ത് തലമുറയ്ക്ക് ജീവിക്കാനുള്ള കാശ് ഞാനുണ്ടാക്കിയിട്ടുണ്ട്. ഇനി അഭിനയിക്കണോ എന്ന്.’
‘അപ്പോൾ അമ്മ പറഞ്ഞത്, ഷീല എന്നുള്ള ജന്മം അമ്മയായിട്ടോ ഭാര്യയായിട്ടോ ജിവിച്ച് തീർക്കാനുള്ളതല്ല, നടിയായി ജീവിക്കാനുള്ളതാണ്. മരണം വരെയും നിങ്ങൾ അഭിനയിക്കണം എന്ന്. ഇതുകേട്ട ഞാൻ അവിടുന്ന് ഇറങ്ങിയയുടൻ ഞാൻ സത്യനെ വിളിച്ച് മനസിനക്കരെയിൽ അഭിനയിക്കാമെന്ന് പറയുകയായിരുന്നു’-എന്നാണ് ഷീല പറയുന്നത്.