നിർമ്മാതാക്കളുടെ നഷ്ടക്കണക്ക് വർധിപ്പിക്കുന്ന ഒരു മേഖലയായി ഒതുങ്ങുകയാണ് മലയാള സിനിമ. എണ്ണം പറഞ്ഞ മികച്ച ചിത്രങ്ങളോ ബോക്‌സ് ഓഫീസിൽ വിജയം കൊയ്യുന്ന ചിത്രങ്ങളോ അടുത്തകാലത്തായി എത്തിയിട്ടില്ലെന്നത് ആരാധകർക്കും നിരാശ സമ്മാനിക്കുകയാണ്. ഒടിടി ലക്ഷ്യമിട്ട് എത്തുന്ന ചെറുചിത്രങ്ങളാണ് ഇറങ്ങുന്ന മിക്ക സിനിമയുമെന്ന് പ്രേക്ഷകർക്കും പരാതിയുണ്ട്. മാസ് കാണിക്കുന്ന ചിത്രങ്ങളുടെ കുറവും ആരാധകരെ നിരാശരാക്കുകയാണ്.
ഇപ്പോഴിതാ ഈ വർഷത്തിന്റെ ആദ്യ പകുതിയിലേക്ക് എത്തുമ്പോൾ ആകെ പറയാനുള്ളത് ഒരേയൊരു ചിത്രത്തിന്റെ വിജയം മാത്രം. സിനിമാരംഗത്ത് സംഭവിച്ച തങ്ങളുടെ നഷ്ടം വെളിപ്പെടുത്തി നിർമ്മാതാക്കളുടെ സംഘടന രംഗത്ത് വന്നതോടെ താരങ്ങളുടെ പ്രതിഫലവും ചർച്ചയാവുകയാണ്.
മുൻപ് തന്നെ താരങ്ങൾ ്ര്രപതിഫലം കുറയ്ക്കണമെന്ന് നിർമ്മാതാക്കൾ ആവശ്യപ്പെട്ടിരുന്നു. 2023ൽ ഇറങ്ങിയത് 58 സിനിമകളാണ്. ഇതിൽ തിയേറ്ററിൽ സാമ്പത്തിക വിജയം നേടിയത് ‘രോമാഞ്ചം’ മാത്രമാണ്. മുൻനിര താരങ്ങളുടെ ചിത്രങ്ങൾക്ക് പോലും ആളുകേറനില്ലാത്ത ഒരവസ്ഥയാണ്. നാല് മാസത്തിൽ മാത്രം 300 കോടിയുടെ നഷ്ടമാണ് വ്യവസായത്തിന് ഉണ്ടായതെന്നാണ് ഏകദേശ കണക്ക്. താരങ്ങളുടെ പ്രതിഫലം പോലും തീയേറ്ററിൽ നിന്നും കൊയ്യാൻ സാധിക്കുന്നില്ല.
താരങ്ങളുടെ പ്രതിഫലം ചർച്ച ചെയ്താൽ, മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് മോഹൻലാൽ ആണ്, 20 കോടി വരെയാണ് പ്രതിഫലമെന്നാണ് വിവരം. താരം കൂടുതൽ ആശിർവാദ് സിനിമാസിന്റെ ബാനറിലുള്ള ചിത്രങ്ങളിലാണ് കൂടുതലായി അഭിനയിക്കുന്നത് എന്നതിനാൽ തന്നെ പ്രതിഫലത്തിന് പുറമെ ലാഭവിഹിതവും മോഹൻലാലിനുള്ളതാണ്.
അതേസമയം, പതിനഞ്ച് കോടി വരെയാണ് മമ്മൂട്ടിയുടെ പ്രതിഫലം. മമ്മൂട്ടിയുടെ കഴിഞ്ഞ 2 ചിത്രങ്ങളും വരാനിരിക്കുന്ന 2 ചിത്രങ്ങളുമായ നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ, കണ്ണൂർ സ്‌ക്വാഡ് തുടങ്ങിയവ നിർമ്മിച്ചത് നടന്റെ പ്രൊഡക്ഷൻ ബാനറായ മമ്മൂട്ടി കമ്പനി തന്നെയാണ്.
ദുൽഖർ സൽമാനാകട്ടെ ‘കുറുപ്പും’ വരാനിരിക്കുന്ന ‘കിങ് ഓഫ് കൊത്ത’യും സ്വന്തം പ്രൊഡക്ഷനിൽ തന്നെ നിർമ്മിച്ചതിനാൽ നിലവിലെ താരത്തിന്റെ പ്രതിഫലത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.
പ്രതിഫല കാര്യത്തിൽ മൂന്നാം സ്ഥാനത്തുള്ള ദിലീപ് 12 കോടിയും യുവതാരം ഫഹദ് ഫാസിൽ പത്ത് കോടി വരെയുമാണ് പ്രതിഫലം വാങ്ങുന്നത്. സുരേഷ് ഗോപി-അഞ്ച് കോടി, പൃഥ്വിരാജ് -7.5 കോടി, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി എന്നിവർ മൂന്ന് കോടി, ടൊവിനോ തോമസ് രണ്ട് കോടി എന്നിങ്ങനെയാണ് പ്രതിഫലം വാങ്ങുന്നത്.
മറ്റ് താരങ്ങളായ ബേസിൽ ജോസഫ്, ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവർ 75 ലക്ഷം പ്രതിഫലം വാങ്ങിക്കുന്നു എന്നാണ് കണക്കുകൾ. നടിമാരിൽ ഒരു കോടിയ്ക്ക് മുകളിൽ വാങ്ങുന്ന മഞ്ജു വാര്യർ ആണ് ഒന്നാം സ്ഥാനത്ത്. പാർവ്വതി തിരുവോത്ത് 75 ലക്ഷവും ഭാവന 50 ലക്ഷവും പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടെന്ന് ദി ഫോർത്ത് റിപ്പോർട്ട് ചെയ്യുന്നു.