അമച്വർ നാടക ലോകത്ത് മാത്രം ഒതുങ്ങിയിരുന്ന കാലത്ത് നിന്നും മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറിയ നാട്യങ്ങളില്ലാത്ത കലാകാരനായിരുന്നു മാമുക്കോയ. ‘അസാധാരണക്കാരായ കുറെ മനുഷ്യരോടൊപ്പം ജീവിക്കാൻ ഭാഗ്യം കിട്ടിയ ഒരു സാധാരണ മനുഷ്യൻ’, എന്നാണ് സ്വയം താരം വിശേഷിപ്പിച്ചിരുന്നത് പോലും. അത്രയേറെ സാധാരണക്കാരനായ തനി കോഴിക്കോട്ടുകാരനായിരുന്നു മാമുക്കോയ. കല്ലായിലേയും കൂപ്പിലേയും തടിയളവുകാരനായി ജീവിതത്തിൽ ഒതുങ്ങാതെ കലാലോകത്തിലേക്ക് താൻ മനഃപൂർവ്വം ഇറങ്ങിത്തിരിക്കുകയായിരുന്നു എന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു.
കോഴിക്കോട് എം എം ഹൈസ്കൂളിൽ നിന്ന് പത്താം തരം പാസായ അദ്ദേഹം കല്ലായിയിൽ തടിപ്പിണിക്കാരനായി ജോലിയിൽ പ്രവേശിക്കുകയായിരുന്നു. എങ്കിലും, കോഴിക്കോടിന്റെ സാഹിത്യ, സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായിരുന്നു മാമുക്കോയ എന്നും. ഒരു കാലഘട്ടത്തിന്റെ കലാസാംസ്കാരിക ലോകത്തിലെ അവസാന കണ്ണിയാണ് മാമുക്കോയയുടെ വിയോഗത്തോടെ അറ്റുപോകുന്നത്. എസ്കെ പൊറ്റക്കാടിന്റെയും ബഷീറിന്റെയും ബാബുരാജിന്റെയുമൊക്കെ കലാലോകത്തിന്റെ ഓരത്ത് മാമുക്കോയയും ഉണ്ടായിരുന്നു.
കലാകാരനാകണമെന്ന ആഗ്രഹമുണ്ടെങ്കിലും സാഹചര്യങ്ങൾ പ്രതികൂലമായിരുന്നു. മാതാപിതാക്കൾ ചെറുപ്പത്തിൽ നഷ്ടപ്പെട്ട മാമുക്കോയ കൂപ്പിലെ തളിയളവുകാരനായുള്ള ജോലി ചെയ്താണ് പഠനം പോലും നടത്തിയിരുന്നത്. പ്രദേശത്തുള്ള നാടകങ്ങളും മറ്റുമൊക്കെ കണ്ടാണ് വളർന്നത്. ഫുട്ബോളും പ്രിയപ്പെട്ട വിഷയം തന്നെയായിരുന്നു.
അമച്വർ നാടകങ്ങളിൽ അഭിനയിക്കാനായിരുന്നു ഒരുകാലത്ത് അവസരം ലഭിച്ചിരുന്നത്. കല്ലായിയിൽ മരത്തിന്റെ അളവ് പണിയുണ്ടായിരുന്നതിനാൽ പ്രഫഷനലായൊന്നും പോകാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് 1979ലെ ബാലൻ നിലമ്പൂർ സംവിധാനം ചെയ്ത ‘അന്യരുടെ ഭൂമി’ എന്ന ചിത്രത്തിലൂടെയാണ് മാമുക്കോയ സിനിമയിലേക്ക് അരങ്ങേറിയത്.
സിനിമയിൽ ആദ്യത്തെ ശ്രദ്ധേയമായ വേഷം ഗാന്ധിനഗർ സെക്കന്റ്സ്ട്രീറ്റ് സിനിമയിലേതായിരുന്നു. ഈ ചിത്രത്തോടെ ഹാസ്യതാരമായി അദ്ദേഹം പേരെടുക്കുകയും തുടർന്ന് വന്ന സിനിമകളിൽ കോഴിക്കോടൻ ഭാഷയെ മുറുകെ പിടിച്ചു തന്നെ അമ്പരപ്പിക്കുന്ന പ്രകടനങ്ങൾ നടത്തുകയായിരുന്നു.
കേരള സർക്കാറിന്റെപ്രഥമ ഹാസ്യാഭിനയ പുരസ്കാര ജേതാവായി മാറാനും അദ്ദേഹത്തിന് സാധിച്ചു. സത്യൻ അന്തിക്കാട് സിനിമകളിലൂടെയാണ് താരത്തിന് ഇന്നുകാണുന്ന തരത്തിലുള്ള ജനപ്രീതിയിലേക്ക് ഉയരാനായത്. പെരുമഴക്കാലം, കുരുതി സിനിമകളിലൂടെ ഹാസ്യമം മാത്രമല്ല തനിക്ക് വഴങ്ങുകയെന്ന് അദ്ദേഹം തെളിയിച്ചു.
2004 ലെ കേരള സംസ്ഥാന പുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശവും പെരുമഴക്കാലത്തിലെ കഥാപാത്രത്തിലൂടെ ലഭിച്ചു. `കുരുതി’ എന്ന സിനിമയിലെ മൂസ ഖാദർ എന്ന കഥാപാത്രം ഏറെ രാഷ്ട്രീയം ചർച്ച ചെയ്യുന്നതായിരുന്നു.
സിനിമയോടൊപ്പം ഫുട്ബോളിനേയും സ്നേഹിച്ച മാമുക്കോയയുടെ അവസാനത്തെ പൊതുപരിപാടിയും ഒരു ഫുട്ബോൾ ടൂർണമെന്റ് ആയിരുന്നു. നിലമ്പൂരിനടുത്ത് കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നീട് ഹൃദയാഘാതം സ്ഥിരീകരിച്ചതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച മുതൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ബുധനാഴ്ച ഉച്ചയോടെ മരണം സംഭവിച്ചത്.
ചാലിക്കണ്ടിയിൽ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിഷയുടെയും മകനായി 1946 ജൂലൈ അഞ്ചിന് കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിലായിരുന്നു ജനനം. നിലമ്പൂർ ബാലൻ, വാസു പ്രദീപ്, കുഞ്ഞാണ്ടി തുടങ്ങിയവരുടെയെല്ലാം കൂടെ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന് അവരുമായുള്ള സൗഹൃദമാണ് സിനിമയിലേക്ക് എത്തിച്ചത്.
ഭാര്യ: സുഹ്റ. മക്കൾ: നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ്.