നിർമ്മാതാക്കളുടെ നിരന്തര പരാതികളെ തുടർന്ന് മലയാള സിനിമയിൽ പ്രവർത്തിക്കുന്നതിന് നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും വിലക്ക്. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവർ ചേർന്ന് നടത്തിയ യോഗത്തിന് പിന്നാലെയാണ് തീരുമാനം.
ഇനി മുതൽ ഈ താരങ്ങളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ അറിയിച്ചു. ഇവർ മറ്റ് ആർട്ടിസ്റ്റുകൾക്കും സാങ്കേതിക പ്രവർത്തകർക്കും നിർമാതാക്കൾക്കും നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് ആരോപണം. ഇവരുടെ പെരുമാറ്റം അസഹനീയമാണെന്നും രണ്ടുപേരും സ്വബോധമില്ലാതെയാണ് പെരുമാറുന്നത് പലപ്പോഴുമെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
ശ്രീനാഥ് ഭാസിക്ക് ഏത് സിനിമയാണ് ചെയ്യുന്നതെന്ന ബോധം പോലുമില്ലെന്നും യോഗത്തിനിടയിൽ ആരോപണം ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് നടപടി എന്ന് നിർമാതാക്കളുടെ സംഘടന അറിയിച്ചു.
നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സംഘടന വ്യക്തമാക്കി. കൂടാതെ യുവതാരങ്ങൾക്കിടയിലെ രാസലഹരി ഉപയോഗത്തിനും കടിഞ്ഞാണിടണമെന്നു നിർമാതാവ് രഞ്ജിത്ത് പറഞ്ഞു.
ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ പേരുകൾ സർക്കാരിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. സിനിമ ഇൻഡസ്ട്രി നന്നാകാൻ വേണ്ടിയാണ് ഇക്കാര്യങ്ങൾ പറയുന്നതെന്നും രഞ്ജിത്ത് പറഞ്ഞു. അതേസമയം, നിർമ്മാതാക്കളുടെ പരാതിയിൽ കഴമ്പുണ്ടെന്നാണ് എഎംഎംഎ ജനറൽ സെക്രട്ടറി പറഞ്ഞത്.