താരാരാധന അതിരുകടക്കുന്നെന്ന് പലതവണ പഴികേട്ട തെലുങ്ക് സിനിമാലോകത്തു നിന്നും ഞെട്ടിക്കുന്ന വാർത്തയെത്തിയിരിക്കുകയാണ്. നടന്മാരായ പ്രഭാസിന്റെയും പവൻ കല്യാണിന്റെയും ആരാധകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ആരാധകൻ കൊല്ലപ്പെട്ടു.
രാജമുന്ദ്രിയിലാണ് സംഭവുമുണ്ടായത്. എല്ലൂർ സ്വദേശികളായ ഹരികുമാറും കിഷോർ കുമാറും ജോലിക്കായി എത്തിയതിനിടെയാണ് സംഭവം. എല്ലൂരിലെ പ്രഭാസ് ഫാൻസ് അസോസിയേഷൻ സെക്രട്ടറിയാണ് ഹരികുമാർ. കിഷോർ പവൻ കല്യാണിന്റെ കടുത്ത ആരാധകനും. ഹരികുമാർ പ്രഭാസിന്റെ ഫോട്ടോ വാട്സ് ആപ് സ്റ്റാറ്റസായി ഇട്ടതിന് പിന്നാലെയാണ് തർക്കത്തിന് തുടക്കമായത്.
താൻ ഒരു പവൻ കല്യാൺ ആരാധകനാണെന്നും അതിനാൽ അദ്ദേഹത്തിന്റെവീഡിയോ സ്റ്റാറ്റസ് ആക്കണമെന്നും കിഷോർ ഹരികുമാറിനോട് ആവശ്യപ്പെട്ടു. എന്നാൽ ഹരി കുമാറിന് ഇത് അംഗീകരിക്കാൻ കഴിഞ്ഞില്ല. താൻ പ്രഭാസിന്റെ ഫാൻ ആണെന്നും അതിനാൽ അദ്ദേഹത്തിന്റെ വീഡിയോ കിഷോർ സ്റ്റാറ്റസ് ആക്കണമെന്നു ഹരി കുമാറും ആവശ്യപ്പെട്ടു.
തുടർന്ന് ഇരുവരും തമ്മിൽ രൂക്ഷമായ വാക്തർക്കമുണ്ടാവുകയും ചെയ്തു. കിഷോർ പ്രഭാസിനെയും ആരാധകനായ ഹരി കുമാറിനെയും ചീത്ത വിളിക്കാൻ തുടങ്ങി. തന്റെ ഇഷ്ട താരത്തെ അപമാനിച്ചത് സഹിക്കാനാകാതെ കിഷോറിനെ ഹരി കുമാർ ആക്രമിച്ചു. കിഷോറും ഹരി കുമാറും വടിയും സിമന്റ് കട്ടയും എടുത്ത് പരസ്പരം മർദ്ദിച്ചതോടെയാണ് സംഭവം ഗുരുതരമായത്. ആക്രമണത്തിൽ പരിക്കേറ്റ കിഷോറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹരി കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post