നിർമ്മാതാക്കൾക്ക് പലപ്പോഴും മലയാള സിനിമയിലെ താരങ്ങൾ തലവേദനയാകുന്നെന്ന സംവിധായകനും നിർമ്മാതാവുമായ ബി ഉണ്ണികൃഷ്ണന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. ഇതിനിടെ എഡിറ്റിംഗിലടക്കം ഇടപെടുന്ന താരങ്ങൾ ആരൊക്കെയാണ് എന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളറും സിനിമാ നിർമാതാവും ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ ഷിബു ജി സുശീലൻ.
ഒരു അഭിമുഖത്തിലാണ് ഷിബു ചില കാര്യങ്ങൾ തുറന്നു പറഞ്ഞത്. സിനിമാ രംഗത്ത് അഭിനേതാക്കളെ കൊണ്ടുള്ള പ്രശ്‌നങ്ങൾ ഏറ്റവും അനുഭവിക്കുന്നത് പ്രൊഡക്ഷൻ എക്സിക്യൂട്ടീവാണെന്നാണ് ഷിബുവിന്റെ പ്രതികരണം.
ഒരു സിനിമയിൽ കമ്മിറ്റ് ചെയ്തു കഴിഞ്ഞാൽ പിന്നീട് വിളിച്ചാൽ ഫോൺ എടുക്കില്ല, സമയത്ത് ഷൂട്ടിംഗിന് വരില്ല. ഇവർക്ക് പോയി കാശുകൊടുത്തിട്ട് ഇത്തരത്തിലാണ് ഇവർ പെരുമാറുന്നതെന്നും ഷിബു ചൂണ്ടിക്കാണിച്ചു. താരങ്ങളിൽ നിന്നും മാന്യമായ പെരുമാറ്റം ഉണ്ടാവുന്നില്ലെന്നുള്ളതാണ് സങ്കടകരം.
അതേസമയം സീനിയറായ പൃഥിരാജൊക്കെ വലിയ കൂളായി പ്രവർത്തിക്കുന്നവരാണ്. മോഹൻലാലും മമ്മൂട്ടിയുമൊക്കെ സിംപിളാണെന്നും ഷിബു പറയുന്നു.
സിനിമയിൽ എഡിറ്റിംഗ് കാണണമെന്ന് ആവശ്യപ്പെടുന്നത് ഷെയ്ൻ നിഗമാണെന്നും ഷിബു വെളിപ്പെടുത്തി. നടന്റെ കുടുംബമടക്കം എഡിറ്റിംഗിൽ ഇടപെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഷെയ്ൻ നിഗത്തിന് ‘അമ്മയിൽ’ മെമ്പർഷിപ്പ് എടുത്തുകൊടുത്തതിൽ തനിക്ക് കുറ്റബോധമുണ്ടെന്നു ഇടവേള ബാബുവിനോട് പറഞ്ഞെന്നും ഇനി ആർക്കും അംഗത്വം എടുത്ത് കൊടുക്കില്ലെന്നും ഷിബു പറഞ്ഞു.
ALSO READ- വീട്ടിൽ നിന്നും പണം നഷ്ടമാകുന്നത് പതിവ്; ഭാര്യ വീട് പൂട്ടി പോയി; ഒളിച്ചിരുന്ന ഭർത്താവ് പിടികൂടിയത് അയൽവാസിയെ!
കൂടാതെ മറ്റൊരു നടനായ ശ്രീനാഥ് ഭാസിയും സിനിമയിൽ പ്രശ്‌നമുണ്ടാക്കുന്നയാളാണ്. ഹോം സിനിമയിൽ അഭിനയിക്കുന്ന സമയം, ശ്രീനാഥ് സെറ്റിലെത്തുന്നത് വളരെ താമസിച്ചായിരുന്നു. ഇത് ശരിയല്ലെന്ന് പറഞ്ഞ് ഞാൻ ശ്രീനാഥിന് മെസേജ് അയച്ചപ്പോൾ, ഷിബു ചേട്ടൻ തന്നെ പിഡീപ്പിക്കുന്നുവെന്ന് പറഞ്ഞ് ശ്രീനാഥ് ഹോമിന്റെ നിർമാതാവ് വിജയ് ബാബുവിന് മെസേജ് അയക്കുകയായിരുന്നു എന്നും ഷിബു പറഞ്ഞു.
ഇതിനിടെ സെറ്റിൽ ശ്രീനാഥ് ഇല്ലാത്തതിനാൽ ഇന്ദ്രൻസിന് വെറുതേയിരിക്കേണ്ടി വന്നിരുന്നു. എന്തിനാണ് രാവിലെ തന്നെ സെറ്റിൽ കൊണ്ടുവന്നിരുത്തുന്നതെന്ന് ഇന്ദ്രൻസ് ചേട്ടൻ ചോദിച്ചിരുന്നെന്നും ഷിബു പറയുന്നു. കൂടാതെ, ഹോം സിനിമയുടെ പ്രൊമൊഷനും ശ്രീനാഥ് വന്നില്ല.ഇത്തരത്തിൽ പ്രവർത്തിക്കുന്നവരെവച്ച് എങ്ങനെ സിനിമ ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.
പുതിയ ആൾക്കാർ സിനിമയിൽ എത്തിക്കഴിഞ്ഞ് ഒരു സിനിമ ഹിറ്റ് ആയിക്കഴിഞ്ഞാൽ അവരുടെ സ്വഭാവം മാറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോടികൾ ഇത്ര ചെറുപ്പത്തിലേ കൈയിൽ ലഭിക്കുന്നതിന്റെ തലക്കനമാകാം ഇവർക്ക്. നിർമാതാക്കളും സംവിധായകരും എഴുത്തുകാരുമൊന്നും ഇവരുടെ അടുത്തേക്ക് പോകരുതെന്ന് തീരുമാനിക്കണം. നമ്മൾ എന്തിനാണ് ഇവരെ വിളിച്ചുകൊണ്ടുവന്നിട്ട് തലവേദന ഏൽക്കുന്നതെന്നും ഷിബു ചോദിക്കുന്നു.