മലയാളത്തിലെ എണ്ണം പറഞ്ഞ ത്രില്ലർ സിനിമകൾക്ക് തിരക്കഥ ഒരുക്കിയ എസ്എൻ സ്വാമി ആദ്യമായി ഒരു ചിത്രം സംവിധാനം ചെയ്യുന്നു. എഴുപത്തിരണ്ടാം വയസിലാണ് സംവിധാന രംഗത്തേക്ക് എസ്എൻ സ്വാമിയുടെ അരങ്ങേറ്റം. ലോക സിനിമാ രംഗത്ത് തന്നെ ആദ്യമായി സിനിമ സംവിധാനം ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി മാറാൻ ഒരുങ്ങുകയാണ് എസ്എൻ സ്വാമി.
എസ്എൻ സ്വാമിയുടെ പേരിൽ പ്രശസ്തരായ സേതുരാമയ്യരെയും സാഗർ ഏലിയാസ് ജാക്കിയെയും പോലെ ത്രില്ലർ കഥാപാത്രത്തെയായിരിക്കില്ല അദ്ദേഹത്തെ സംവിധാനത്തിൽ കാണാനാവുക.
പ്രണയ നായകനെയാണ് എസ്എൻ സ്വാമി സൃഷ്ടിക്കാൻ പോകുന്നതെന്നാണ് റിപ്പോർട്ട്. തമിഴ് ബ്രാഹ്‌മണ പശ്ചാത്തലത്തിലൊരുങ്ങുന്ന പ്രണയകഥയാണ് ഇതിവൃത്തം. ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനാണ് നായകൻ. ചിത്രത്തിന്റെ പൂജ വിഷുദിനത്തിൽ കൊച്ചിയിൽ നടക്കും.
ചിത്രത്തിന്റെ രചനയും എസ്എൻ സ്വാമിയുടേത് തന്നെയാണ്. ക്ഷേത്രക്ഷേമസമിതി പ്രസിഡന്റായ പി രാജേന്ദ്ര പ്രസാദാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ നിർമാതാവ്. സമിതിയുടെ ജനറൽ കൺവീനറാണ് സ്വാമി. തിരുച്ചെന്തിരൂർ പോലുള്ള തമിഴകഗ്രാമങ്ങളിൽ ലൊക്കേഷൻ തിരയുകയാണ് എസ്എൻ സ്വാമി ഇപ്പോൾ. ചിത്രത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായിട്ടില്ല.
മകൻ ശിവ്‌റാമും സഹ സംവിധായകനായി എസ്എൻ സ്വാമിക്ക് ഒപ്പമുണ്ട്. ഷാജി കൈലാസ്, കെ മധു, എകെ സാജൻ തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ച സഹസംവിധായകനാണ് ശിവ്‌റാം.
1980-ൽ ‘ചക്കരയുമ്മ’എന്ന സിനിമയിലൂടെ തിരക്കഥാകൃത്തായി മലയാള സിനിമയിലെത്തിയ എസ്എൻസ്വാമി പിന്നീട് ത്രില്ലർ സിനിമകളിലൂടെ ജനപ്രീതി നേടി. മമ്മൂട്ടിക്കൊപ്പം ‘ഒരു സി.ബി.ഐ. ഡയറിക്കുറി’പ്പും മോഹൻലാലിനൊപ്പം ‘ഇരുപതാം നൂറ്റാണ്ടും’ ഒരുക്കിയ സ്വാമി അൻപതോളം സിനിമകൾക്ക് തിരക്കഥയെഴുതിയിട്ടുണ്ട്.