നടന്‍ ഇന്നസെന്റിന്റെ വിയോഗം മലയാള സിനിമാലോകത്തിന് തീരാനഷ്ടമാണ്. പ്രമുഖരടക്കം നിരവധി പേരാണ് താരത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തുന്നത്. രാജസ്ഥാനില്‍ നടക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു പ്രിയനടന്റെ വിയോഗവാര്‍ത്ത മോഹന്‍ലാല്‍ അറിഞ്ഞത്.
ആ നിമിഷത്തെ കുറിച്ച് പറയുകയാണ് നടന്‍ ഹരീഷ് പേരടി. .രാജസ്ഥാനിലെ ചിത്രീകരണത്തിനിടയിലാണ് ഇന്നസെന്റിന്റെ മരണവാര്‍ത്ത മോഹന്‍ലാല്‍ തന്നോട് പറയുന്നത്. ശേഷം പുലര്‍ച്ചെ നാല് മാണി വരെ അദ്ദേഹം ഷൂട്ട് തുടര്‍ന്നു. ആ നിമിഷങ്ങളില്‍ ഒരു മനുഷ്യന്റെ വേദനയാണ് താന്‍ കണ്ടതെന്ന് ഹരീഷ് പേരടി പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് ഹരീഷ് പേരടിയ ഇക്കാര്യം പറഞ്ഞത്. ഷൂട്ടും കഴിഞ്ഞ് അദ്ദേഹം പ്രിയപ്പെട്ട ഇന്നച്ചനെ കാണാന്‍ കൊച്ചിയിലേക്ക് വന്നുവെന്നും ഏത് വലിയവരും ചെറിയവരും ഇന്നസെന്റ് സറിനെ അവസാനമായി കാണാന്‍ ആഗ്രഹിക്കുമെന്നും ഹരീഷ് പേരടി പറയുന്നു.
ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
ഇത് ഇന്നസെന്റ് എന്ന അതുല്യ പ്രതിഭ സൂക്ഷിച്ച ആത്മബന്ധത്തിന്റെ നേര്‍ ചിത്രമാണ്. ഇന്നലെ രാത്രിയാണ് മുംബൈയിലെ ഷൂട്ട് കഴിഞ്ഞ് ലാലേട്ടന്‍ രാജസ്ഥാനില്‍ എത്തുന്നത്. ആയിരത്തോളം കലാകാരന്‍മാര്‍ പങ്കെടുക്കുന്ന ഒരുഗാനരംഗം. കഥാപാത്രത്തിന്റെ മുഴുവന്‍ വേഷവിധാനങ്ങളോടെയും എത്തിയ ലാലേട്ടന്‍ എന്നോട് സ്വകാര്യമായി പറഞ്ഞു…
‘ഇന്നസെന്റേട്ടന്‍ പോയി… വാര്‍ത്ത ഇപ്പോള്‍ പുറത്തുവരും… ഞാന്‍ പാട്ട് പാടി കഥാപാത്രമാവാന്‍ പോവുകയാണ്.” സിനിമയെന്ന സ്വപനത്തെ യാഥാര്‍ത്ഥ്യങ്ങളില്‍ എത്തിക്കാന്‍ വ്യക്തിബന്ധങ്ങളുടെയും കഥാപാത്രങ്ങളുടെയും ഇടയിലായ ഒരു നടന്റെ അല്ല ഒരു മനുഷ്യന്റെ മഹാവേദന… ഒരുപാട് ഓര്‍മ്മകള്‍ തിളച്ച് മറിയുന്ന ആ കണ്ണുകളിലേക്ക് ഒന്നും പറയാന്‍ ഇല്ലാതെ ഞാന്‍ ഒരു പ്രതിമയെ പോലെ നോക്കിനിന്നു.
പുലര്‍ച്ചെ നാലുമണി വരെ പോയ ഷൂട്ടും കഴിഞ്ഞ് അദ്ദേഹം പ്രിയപ്പെട്ട ഇന്നച്ചനെ കാണാന്‍ കൊച്ചിയിലേക്ക്. ഇന്നസെന്റ് സാര്‍… ഏത് വലിയവരും ചെറിയവരും നിങ്ങളെ അവസാനമായി കാണാന്‍ ആഗ്രഹിക്കും. കാരണം ചിരിയുടെ സംഗീതത്തിലൂടെ നിങ്ങള്‍ ഉണ്ടാക്കിയ ചിന്തകള്‍ അത്രയും വലുതാണ്…പകരം വെക്കാനില്ലാത്തതാണ്.