മമ്മൂട്ടി നിർമ്മിച്ച് മുഖ്യകഥാപാത്രമായി എത്തിയ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നൻപകൽ നേരത്ത് മയക്കം സിനിമയ്ക്ക് എതിരെ കോപ്പിയടി ആരോപണം. വിവിധ ചലച്ചിത്രമേളകളിൽ മികച്ച അഭിപ്രായം നേടിയ ചിത്രത്തിന് എതിരെ സംവിധായിക ഹലിതാ ഷമീമാണ് രംഗത്തെത്തിയിരിക്കുന്നത്.
തന്റെ ചിത്രമായ ഏലേയുടെ കോപ്പിയാണ് നൻപകൽ നേരത്ത് മയക്കമെന്ന ആരോപണവാണ് സംവിധായിക ഹലിതാ ഷമീം ഉയർത്തുന്നത്. ഒരു സിനിമയുടെ എല്ലാ സൗന്ദര്യാത്മകതയും അതേപടി മോഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും താൻ നിശബ്ദയായിരിക്കില്ലെന്നും ഹലിത ഫേസ്ബുക്കിൽ കുറിച്ചു.
ഏലേയും നൽപകൽ നേരത്ത് മയക്കവും ഒരേ സ്ഥലത്താണ് ചിത്രീകരിച്ചത് എന്നതിൽ സന്തോഷമുണ്ട്. എന്നാൽ ഏലേയിൽ താൻ കണ്ടതും ചേർത്തതുമായ എല്ലാ സൗന്ദര്യാനുഭൂതിയും മോഷ്ടിക്കപ്പെട്ടു എന്ന വസ്തുത തളർത്തുന്നതാണെന്നും അവർ പറയുന്നു.
രണ്ട് ചിത്രങ്ങളിലേയും സാമ്യതകളും ഹലിത ചൂണ്ടിക്കാണിക്കുന്നുണ്ട്. ‘ഐസ് വില്പനക്കാരൻ പാൽക്കാരനായി മാറി. സെമ്പുലി സെവലൈ ആയി മാറി. മോർച്ചറി വാനിന് പിന്നാലെ സെമ്പുലി ഓടിയതുപോലെ ഇവിടെ മിനി ബസിന് പിറകേ സെവലൈ ഓടുന്നു. ഏലേയിൽ ഞാൻ പരിചയപ്പെടുത്തിയ നടനും ഗായകനുമാണ് ചിത്തിരൈ സേനൻ. അദ്ദേഹം മമ്മൂട്ടിക്കൊപ്പം പാടുന്നു. ഏലേയിലേതു പോലെ തന്നെ. പല കാലങ്ങൾക്ക് സാക്ഷികളായ ആ വീടുകൾ മറ്റു സിനിമകളിലൊന്നും വന്നിട്ടുള്ളവയല്ല. അതൊക്കെ ഞാൻ ഇതിൽ കണ്ടു.’- എന്നാണ് ഹലിത പറയുന്നത്.
താരതമ്യത്തിനായി ഇനിയും ഏറെയുണ്ട്. ഇക്കാര്യം താൻ തന്നെ സംസാരിച്ചേ മതിയാവൂ എന്നൊരു പശ്ചാത്തലത്തിലാണ് ഇക്കാര്യം പോസ്റ്റ് ചെയ്യുന്നത്. ഏലേ എന്ന തന്റെ ചിത്രത്തെ നിങ്ങൾക്ക് എഴുതിത്തള്ളാം. പക്ഷേ അതിൽ നിന്ന് ആശയങ്ങളും സൗന്ദര്യാനുഭൂതിയും ഒരു കരുണയുമില്ലാതെ അടർത്തിയെടുത്താൽ താൻ നിശബ്ദയായി ഇരിക്കില്ലെന്നാണ് ഹലിത ഷമീമിന്റെ കുറിപ്പിൽ പറയുന്നത്.
ഈ പോസ്റ്റിന് പിന്നാലെ, നിരവധി പേരാണ് സംവിധായികയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഏലേയുടെ പോസ്റ്ററിന് സമാനമാണ് നൻപകൽ നേരത്ത് മയക്കത്തിന്റെ പോസ്റ്ററെന്ന് കമന്റ് ചെയ്തവരുണ്ട്. രണ്ട് സിനിമയുടേയും ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകളിലെ സാമ്യം നോക്കൂ എന്നാണ് ഇത്തരത്തിലൊരു കമന്റിന് ഹലിത നൽകിയ മറുപടി.