മുംബൈ: സെലിബ്രിറ്റികളുടെ സ്വകാര്യതയ്ക്ക് നേരെ കൈയ്യേറ്റമുണ്ടാകുന്നത് പതിവാണെങ്കിലും ഇത്തവണ ഒരു ഓൺലൈൻ പോർട്ടൽ കൈവിട്ട കളികളാണ് നടത്തിയിരിക്കുന്നത്. ഫോട്ടോഗ്രാഫർമാരെ ടെറസിൽ ഒളിപ്പിച്ച് നിർത്തി ഫ്‌ളാറ്റിന് അകത്തുള്ള ആലിയ ഭട്ടിന്റെ ഫോട്ടകളും ദൃശ്യങ്ങളും പകർത്തിയിരിക്കുകയാണ് സ്വകാര്യ ഓൺലൈൻ പോർട്ടൽ. ഒളിച്ച് നിന്ന് നടി ആലിയ ഭട്ടിന്റെ ചിത്രങ്ങളെടുത്ത സംഭവത്തിൽ ഓൺലൈൻ പോർട്ടലിനെതിരെ മുംബൈ പൊലീസ് കേസെടുക്കുമെന്ന് അറിയിച്ചു.
ആലിയയോട് പരാതി നൽകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. താരത്തിന്റെ പി ആർ ടീം ഓൺലൈൻ പോർട്ടലുമായി ആശയവിനിമയം നടത്തുകയാണെന്നും അതിന് ശേഷം പരാതി നൽകാമെന്നും ആലിയ ഭട്ട് പ്രതികരിച്ചതായാണ് വിവരം.
തൊട്ടടുത്ത ഫ്‌ലാറ്റിൻറെ ടെറസിൽ ഒളിച്ചിരുന്നാണ് ചിലർ ആലിയ ഭട്ടിൻറെ വീടിനകത്തെ ചിത്രങ്ങൾ പകർത്തിയത്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി താരം ഇൻസ്റ്റഗ്രാമിൽ പ്രതിഷേധ പോസ്റ്റ് ഇട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
‘ഇതോടെ ആലിയയ്ക്ക് ബോളിവുഡ് താരങ്ങൾ ഒന്നടങ്കം ഐക്യദാർഢ്യവുമായി രംഗത്തെത്തിയിരുന്നു. മുംബൈ പോലീസിനെ ടാഗ് ചെയ്തായിരുന്നു ആലിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടത്. വീട്ടിൽ ഇരിക്കുമ്പോൾ ആരോ തന്നെ നിരീക്ഷിക്കുന്നതായി തോന്നി. നോക്കിയപ്പോൾ അടുത്ത കെട്ടിടത്തിന്റെ ടെറസിൽ ക്യാമറയുമായി രണ്ട് പേരെ കണ്ടു.’
‘ഇത് ഒരാളുടെ സ്വകാര്യതയിലേക്കുള്ള കടുത്ത കടന്നുകയറ്റമാണ്. നിങ്ങൾക്ക് മറികടക്കാൻ കഴിയാത്ത ഒരു വരയുണ്ടെന്നും ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. ഇത് വലിയ ചർച്ചയായതോടെയാണ് പോലീസ് കേസെടുക്കാൻ സന്നദ്ധരായത്.’