കൊച്ചി: ഹാസ്യകഥാപാത്രങ്ങളിലൂടെ എത്തി മലയാള പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംനേടിയ നടി സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ മേഖലയെയും ആരാധകരെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോള്‍ പ്രേക്ഷകരുടെ കണ്ണുനനയിക്കുന്നത് സുബിയുടെ വിയോഗം അറിയിച്ചുകൊണ്ട് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ച വാക്കുകളാണ്.
‘ഓരോ പുതിയ തുടക്കവും വരുന്നത് മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തില്‍ നിന്നാണ്. എല്ലാവരെയും വീണ്ടും കാണാം… നന്ദി’ എന്നായിരുന്നു ഫേസ്ബുക്ക് പേജിലെ പോസ്റ്റ്. സുബിയുടെ ചിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് അഡ്മിനാണ് ഇക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
പോസ്റ്റിന് താഴെ നിരവധി പേരാണ് പ്രതികരിച്ചത്. ഈ മരണം അവിശ്വസനീയം എന്നാണ് പലരും കുറിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു സുബി സുരേഷ്. ഇന്ന് രാവിലെയായിരുന്നു താരത്തിന്റെ വിയോഗം.
also read: നടി സുബി സുരേഷ് അന്തരിച്ചു, മരണവാര്‍ത്ത കേട്ട നടുക്കത്തില്‍ ആരാധകരും സിനിമാലോകവും
ആലുവ രാജഗിരി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. 41 വയസ്സാണ്. സുബി സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
ടിവി ഷോകളിലൂടേയും സിനിമയിലൂടെയും പ്രേക്ഷക ഹൃദയം കീഴടക്കിയ സുബി എന്നാല്‍ കോമഡികളിലൂടെയാണ് കൂടുതല്‍ സ്വീകാര്യത നേടിയിട്ടുള്ളത്. സോഷ്യല്‍മീഡിയയിലും ഏറെ സജീവമായിരുന്നു താരം.
Discussion about this post