പൊരിച്ച മീൻ കഴിച്ചാൽ മുഖക്കുരു വരുന്നത് കൊണ്ടാണ് പെൺകുട്ടികൾക്ക് നൽകാത്തത്; ജനിച്ച വീട്ടിൽ തന്നെ മരിക്കാനായി സ്ത്രീകൾ ആദ്യം പൊരുതണം; ഷൈൻ ടോം ചാക്കോ

കുറച്ചുകാലം മുൻപ് റിമ കല്ലിങ്കലിന്റെ വെളിപ്പെടുത്തലോടെ സോഷ്യൽമീഡിയയിലടക്കം ചർച്ചയായ പൊരിച്ച മീൻ നൽകുന്നതിലെ വിവേചനത്തെ കുറിച്ച് സംസാരിച്ച് നടൻ ഷൈൻ ടോം ചാക്കോ രംഗത്ത്. സ്ത്രീകളുടെ സൗന്ദര്യം സംരക്ഷിക്കാനാണ് വറുത്തതും പൊരിച്ചതും കൊടുക്കാതിരിക്കുന്നതെന്ന് ഷൈൻ ടോം ചാക്കോ അഭിപ്രായപ്പെട്ടു.

അത് തുല്യതയില്ലായ്മ അല്ല. സ്ത്രീകളുടെ സൗന്ദര്യം സംരക്ഷിക്കാനാണ് പൊരിച്ചതും വറുത്തതും നൽകാതിരിക്കുന്നത്. വറുത്ത ഭക്ഷണം കഴിച്ചാൽ മുഖക്കുരു വരും, അതുകൊണ്ടാണ് പെൺകുട്ടികൾക്ക് നൽകാതിരുന്നത് അല്ലാതെ തുല്യതയില്ലായ്മയല്ല. നമ്മുടെ വീടുകളിലാണെങ്കിലും പൊരിച്ചത് കുട്ടിക്കാലം മുതൽ പെൺകുട്ടികൾക്ക് അധികം കൊടുക്കില്ലെന്ന് ഷൈൻ പറയുന്നു.

പെൺകുട്ടികളുടെ കല്യാണം പോകും, സൗന്ദര്യം, അങ്ങനെ ഇങ്ങനെ പറയുന്നു. അല്ലാതെ പെറ്റ അമ്മമാർ ഒരു പൊരിച്ച മീൻ കൊടുക്കാൻ ബുദ്ധിമുട്ടുണ്ടോ? പെറ്റ അമ്മമാരും സ്ത്രീകളല്ലേയെന്നും താരം ചോദ്യം ചെയ്യുകയാണ്.

കൂടാതെ, സ്ത്രീകൾ തന്നെ തങ്ങൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയാൻ തുടക്കമിടണമെന്നും ഷൈൻ അഭിപ്രായപ്പെട്ടു. ഒരു സ്ത്രീ ഒരു പരിചയവും ഇല്ലാത്ത ഒരു വീട്ടിൽപ്പോയി ജീവിതം തുടങ്ങുന്നതിന് സമ്മതിക്കാൻ പാടില്ലെന്നും താരം പുതിയ അഭിമുഖത്തിൽ പ്രതികരിച്ചു.

ALSO READ- കാട്ടാനയുടെ ചവിട്ടേറ്റ് യുവതി മരിച്ചു; രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആനയുടെ ആക്രമണത്തിൽ യുവാവിനും ദാരുണാന്ത്യം

ഒരു സ്ത്രീക്ക് അവൾക്ക് ജനിച്ച വീട്ടിൽ ജീവിക്കാനും മരിക്കാനുമുള്ള അവകാശമില്ലേ? ആ അവകാശത്തിനു വേണ്ടിയാണ് ആദ്യം പൊരുതേണ്ടതെന്നും എന്നിട്ടുമതി രാത്രി പുറത്തിറങ്ങി നടക്കുന്നതിനും രണ്ട് വറുത്ത മീനിനുവേണ്ടിയുമുള്ള പൊരുതലെന്നും ഷൈൻ പറഞ്ഞു.

തുല്യ വസ്ത്രധാരണത്തേക്കുറിച്ചോ, തുല്യ സമയ രീതിയേക്കുറിച്ചോ അല്ല ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആദ്യം സ്വന്തം വീട്ടിൽ നിന്ന് പൊരുതണം. മറ്റൊരു വീട്ടിലേക്ക് പോകണമെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്? പുറത്തുനിൽക്കുന്ന പുരുഷനല്ലേ? അതിനെയാണ് ആദ്യം ചോദ്യം ചെയ്യേണ്ടതെന്നും താരം മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.

വീട്ടിൽ നിന്ന് രക്ഷപ്പെടാനാണ് പെൺകുട്ടികൾ നോക്കുന്നത്. തുല്യവേതനത്തിനല്ല, തുല്യ ജീവിതത്തിനാണ് ആദ്യം സമരം ചെയ്യേണ്ടതെന്നും ഇവിടെ ആണിന് പെണ്ണും പെണ്ണിന് ആണും എന്ന രീതിയിലാണ് ദൈവം സൃഷ്ടിച്ചിട്ടുള്ളതെന്നും താരം പറഞ്ഞു.

Exit mobile version