കാന്‍സര്‍ എന്ന മഹാരോഗത്തെ ആത്മധൈര്യത്തോടെ പോരാടി തോല്‍പ്പിച്ച് മറ്റുള്ളവര്‍ക്കും പ്രചോദനമായി മാറിയ നടി മംമ്ത മോഹന്‍ദാസ് മറ്റൊരു പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. വിറ്റിലിഗോ അല്ലെങ്കില്‍ വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗം ബാധിച്ചിരിക്കുകയാണ് താരത്തെയിപ്പോള്‍.
തന്നെ ബാധിച്ച അസുഖത്തെ കുറിച്ച് മംമ്ത തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ അസുഖം ബാധിച്ചതിന് പിന്നാലെ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. ശരീരത്തിന്റെ 70 ശതമാനവും വെളളയാണെന്നും തനിക്ക് ബ്രൗണ്‍ നിറത്തിലുള്ള മേക്കപ്പ് ഇടേണ്ട അവസ്ഥയാണെന്നും മംമ്ത പറയുന്നു.
തന്നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ മൂന്ന് മാസങ്ങള്‍ ഏറെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും അസുഖം കടുത്തതോടെ നാട്ടില്‍ നിന്ന് അമേരിക്കയിലേക്ക് പോയിരുന്നുവെന്നും ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മംമ്ത പറഞ്ഞു. അമേരിക്കയില്‍ എത്തിയതോടെ താന്‍ രോഗം പോലും മറന്നു.
മേക്കപ്പ് ഇടാതെ പുറത്ത് പോയിരുന്നുവെന്നും ശരിക്കും സ്വാതന്ത്ര്യത്തോടെ ജീവിച്ചുവെന്നും മംമ്ത പറയുന്നു. നാട്ടില്‍ വന്നതിന് ശേഷം ഒരിക്കല്‍ ഒരു പമ്പില്‍ എണ്ണയടിക്കാന്‍ പോയിരുന്നുവെന്നും തന്നെ കണ്ടതും ഒരാള്‍ അയ്യോ ചേച്ചി കഴുത്തിലും മുഖത്തും എന്തുപ്പറ്റി, വല്ല അപകടവും സംഭവിച്ചതാണോ എന്നൊക്കെ ചോദിച്ചുവെന്നും മംമ്ത പറയുന്നു.
അപ്പോഴാണ് താന്‍ മേക്കപ്പിടാതെയാണ് പുറത്ത് വന്നതെന്ന് ഓര്‍മ വന്നതെന്നും അതോടെ തലയില്‍ പത്ത് കിലോയുടെ ഭാരം കയറിയത് പോലെയായി എന്നും മംമ്ത പറഞ്ഞു. താന്‍ രോഗവിവരം മാതാപിതാക്കളെ ആദ്യം അറിയിച്ചിരുന്നില്ലെന്നും ഏകദേശം 9 മാസത്തിന് ശേഷമാണ് രോഗവിവരം അച്ഛനോടും അമ്മയോടും പറയുന്നതെന്നും മംമ്ത കൂട്ടിച്ചേര്‍ത്തു.
രോഗവിവരം കേട്ടപ്പോള്‍ അവര്‍ക്ക് അത് പെട്ടെന്ന് സഹിക്കാന്‍ കഴിഞ്ഞില്ലെന്നും പുറത്തുള്ളവരില്‍ നിന്ന് ഒളിച്ചുവെച്ച് അവസാനം സ്വയം ഒളിക്കാന്‍ തുടങ്ങിയെന്നും ആ പഴയ കരുത്തുള്ള മംമ്തയെ തനിക്ക് നഷ്ടമായി എന്നും താരം പറയുന്നു.
Discussion about this post