തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ സ്കൂള്‍ വാര്‍ഷികാഘോഷത്തിന് വരുമോ എന്ന് കമന്റിട്ട ആരാധികയായ വിദ്യാര്‍ത്ഥിനിയെ കാണാനായി സ്കൂളിലെത്തി നടന് ഉണ്ണി മുകുന്ദന്. ആറ്റിങ്ങല്‍ ശ്രീവിദ്യാധിരാജ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് അപ്രതീക്ഷിതമായി ഉണ്ണിമുകുന്ദനെത്തിയത്.
സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ നസ്രിയ നസീം ആണ് ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് താഴെ സ്കൂളിലേക്ക് വരുമോ എന്ന് ചോദിച്ച് കമന്റിട്ടത്. വാര്‍ഷികാഘോഷത്തിന് അതിഥിയായി ഉണ്ണിമുകുന്ദനെ കൊണ്ടുവരണമെന്ന ആഗ്രഹം സ്കൂളിലെ കുട്ടികള്‍ അധ്യാപകര്‍ക്ക് മുന്നില്‍ പങ്കുവെച്ചിരുന്നു.
ഇതിന് പിന്നാലെയാണ് നസ്രിയ നസീം നടന് ഉണ്ണിമുകുന്ദന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ വന്ന പോസ്റ്റിന് അടിയില്‍ തങ്ങളുടെ ആഗ്രഹം കമന്റ് ആയി രേഖപ്പെടുത്തിയത്. അവസാനവര്‍ഷ വിദ്യാര്‍ഥികളായ തങ്ങളുടെ നിരന്തരമായ നിര്‍ബന്ധവും ശല്യവും കാരണമാണ് സ്കൂള്‍ അധികൃതര്‍ 48 വര്‍ഷത്തിനിടയില്‍ ആദ്യമായി വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നതെന്നും അതില്‍ തങ്ങളുടെ ഏറെ നാളത്തെ ആഗ്രഹം പോലെ ഉണ്ണിമുകുന്ദന് അതിഥിയായി എത്തണമെന്നും നസ്രിയ ആഗ്രഹം രേഖപ്പെടുത്തി.
ഇതുമാത്രമല്ല, ഉണ്ണി മുകുന്ദനെ പല വഴികളിലൂടെയും കോണ്ടാക്ട് ചെയ്യാനും നസ്രിയ ശ്രമിച്ചിരുന്നു. എന്നാല്‍ എല്ലാ ശ്രമവും പരാജയപ്പെട്ടു. എന്നാല്‍ അപ്രതീക്ഷിതമായി സ്കൂളിലേക്ക് ഉണ്ണി മുകുന്ദന്റെ വിളി എത്തി. തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം കുട്ടികളെ കാണാന്‍ സ്കൂളിലേക്ക് എത്തുകയായിരുന്നു.
താരത്തിനൊപ്പം മാളികപ്പുറം സിനിമയുടെ സംവിധായകന് വിഷ്ണു തിരക്കഥാകൃത്ത് അഭിലാഷ് എന്നിവരും എത്തി. ഉണ്ണിയെ കണ്ടതോടെ വിദ്യാര്‍ത്ഥികളെല്ലാം തടിച്ചുകൂടി. കുട്ടികളോട് സ്കൂള്‍ വരാന്തയിലെ തണലിലേക്ക് ഒതുങ്ങി നില്ക്കാന് പറഞ്ഞ താരം വിദ്യാര്‍ത്ഥികളെ വെയിലില്‍ നിര്‍ത്തിയത് ശരിയായില്ലെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
ഇങ്ങനെ ഒരു ക്ഷമം തനിക്ക് ആദ്യമായിട്ടാണ് ലഭിച്ചതെന്നും ഒത്തിരി സന്തോഷമുണ്ടെന്നും ഉണ്ണി മുകുന്ദന് പറഞ്ഞു. കൂടാതെ സ്കൂള്‍ വാര്‍ഷികാഘോഷത്തിന് പരമാവധി എത്താന്‍ ശ്രമിക്കാമെന്നും ഉണ്ണി മുകുന്ദന് വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പും നല്‍കിയാണ് മടങ്ങിയത്.
Discussion about this post