കൊടുങ്ങല്ലൂർ: കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി നൽകുന്ന വിദ്യാഗോപാല മന്ത്രാർച്ചന പ്രഥമ പുരസ്‌കാരത്തിന് അർഹനായി നടൻ ഉണ്ണി മുകുന്ദൻ. മാളികപ്പുറം’ എന്ന സിനിമയിൽ അഭിനയിച്ചതിനെ തുടർന്നാണ് ഉണ്ണി മുകുന്ദൻ പുരസ്‌കാരത്തിന് അർഹനായത്.
കേരള ക്ഷേത്ര സംരക്ഷണ സമിതി തൃശൂർ ജില്ലാ കമ്മിറ്റി വിദ്യാഗോപാല മന്ത്രാർച്ചനയും ദോഷപരിഹാര യജ്ഞവും 30 വർഷം പൂർത്തിയായതിൻറെ സൂചകമായി നൽകുന്ന പ്രഥമ പുരസ്‌കാരമാണിത്. നന്ദഗോപൻറെയും കൊടുങ്ങല്ലൂർ ഭഗവതിയുടെയും രൂപങ്ങൾ ഉൾക്കൊള്ളുന്ന ശിൽപങ്ങളാണ് പുരസ്‌കാരം. ഫെബ്രുവരി 12ന് ഭഗവതി ക്ഷേത്രം കിഴക്കേ നടയിൽ നടയിൽ തയാറാക്കുന്ന യജ്ഞവേദിയിൽ പുരസ്‌കാരം താരത്തിന് സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അതേസമയം ‘മാളികപ്പുറം’ ചിത്രത്തിന് അന്യഭാഷകളിലും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രം ജനുവരി 26ന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്തിരുന്നു. തമിഴ്‌നാട്ടിൽ മാത്രം 104 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിച്ചത്. നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് മാളികപ്പുറം. ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളാണ് സിനിമയിൽ മുഖ്യ ആകർഷണം.