12 മണിക്കൂർ കൊണ്ട് അരിമണിയിൽ മാളികപ്പുറം സിനിമയിലെ കഥാപാത്രങ്ങളെ വരച്ച് ശ്രീരാജ്. നടൻ ഉണ്ണി മുകുന്ദന്റെയും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായ കുട്ടികളുടെയും ചിത്രമാണ് ശ്രീരാജ് അരിമണിയിൽ തീർത്തത്. ഒരു മുറം വെള്ള അരിയാണ് ഇതിനായി ചെലവായത്. ഇൻസ്റ്റഗ്രാമിലും, ഫേസ്ബുക്കിലും ഉണ്ണിമുകുന്ദൻ ഈ വീഡിയോ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.
നേരത്തെയും ഉണ്ണിമുകുന്ദനെ ഗോതമ്പുകൊണ്ട് ശ്രീരാജ് വരച്ചിട്ടുണ്ട്. ഒരിക്കൽ ഉണ്ണിമുകുന്ദനെ നേരിട്ടുകാണാനും സംസാരിക്കാനും അവസരം ലഭിച്ചതായി ശ്രീരാജ് പറയുന്നു. മുമ്പ് പൃഥ്വിരാജിന്റെയും കുടുംബത്തിന്റേയും ചിത്രം അരിമണിയിൽ വരച്ചതിനും അംഗീകാരം ലഭിച്ചിരുന്നു. ചിത്രം പൃഥ്വിരാജ് സാമൂഹികമാധ്യമപേജുകളിൽ പങ്കുവെച്ചിരുന്നു.
മോഹൻലാൽ, മമ്മൂട്ടി, കമലഹാസൻ, വിജയ് സേതുപതി, മാധവൻ, സുരേഷ്ഗോപി, ജയസൂര്യ, ഫഹദ് ഫാസിൽ, ടൊവിനോ, വിക്രം എന്നിങ്ങനെ ഒട്ടേറെ താരങ്ങളുടെ ചിത്രം ഈ കലാകാരൻ വരച്ചിട്ടുണ്ട്. ഇതിനെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളതും. ഇപ്പോൾ സിനിമാമേഖലയിൽ ആർട്ട് വർക്കുകൾ ചെയ്യുകയാണ് ശ്രീരാജ്. സിനിമയിൽ മുന്നോട്ടുപോകാനാണ് ശ്രീരാജിന്റെ താത്പര്യം.