ചെന്നൈ: തമിഴ് സൂപ്പര്‍താരങ്ങളായ വിജയിയുടെയും അജിത്ത് കുമാറിന്റെയും ചിത്രങ്ങള്‍ ഒരേദിവസം റിലാസായതിന്റെ ആഘോഷത്തിനിടെ ദാരുണസംഭവം. ‘തുണിവ്’ സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നടന്ന ആഘോഷത്തിനിടെ അജിത് ആരാധകന്‍ മരിച്ചു. ചെന്നൈയിലെ രോഹിണി തിയേറ്ററിന് സമീപത്ത് വെച്ചാണ് നൃത്തം ചെയ്യുന്നതിനിടെ ലോറിയില്‍ നിന്ന് വീണ് ആരാധകന്‍ മരിച്ചത്.
തിയേറ്ററിന് മുന്നിലൂടെ സഞ്ചരിച്ചിരുന്ന ലോറിയില്‍ ചാടിക്കയറുകയായിരുന്നു ഇയാള്‍. എന്നാല്‍ നൃത്തം ചെയ്തതോടെ നില തെറ്റി താഴെ വീണു. നട്ടെല്ലിനടക്കം ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇതിനിടെ ആരാധകന് മരണം സംഭവിച്ച രോഹിണി തിയേറ്ററിന് സമീപം അജിത്തിന്റെയും വിജയിയുടെയും ആരാധകര്‍ ഏറ്റുമുട്ടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിജയ് ആരാധര്‍ ‘തുണിവി’ന്റെയും അജിത് ആരാധകര്‍ ‘വാരിസി’ന്റെയും പോസ്റ്ററുകള്‍ കീറിയെറിഞ്ഞത് വലിയ സംഘട്ടനത്തിലാണ് കലാശിച്ചത്.