ഏറെ പ്രതീക്ഷകളോടെ ആരാധകര്‍ കാത്തിരുന്ന അല്‍ഫോണ്‍സ് പുത്രന്‍ ചിത്രമായിരുന്നു ഗോള്‍ഡ്. നയന്‍താര, പൃഥ്വിരാജ് തുടങ്ങിയ വന്‍ താരനിര ഉള്ളതുകൊണ്ടുതന്നെ പ്രേക്ഷകര്‍ക്ക് വന്‍ പ്രതീക്ഷയായിരുന്നെങ്കിലും ചിത്രം തീയേറ്ററില്‍ വലിയ വിജയമായില്ല.
ഇപ്പോഴിതാ ചിത്രത്തിന് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. നയന്‍താരയ്ക്ക് സിനിമയില്‍ അധികം സീനുകളില്ല എന്ന വിമര്‍ശനത്തിന് സംവിധായകന്‍ പ്രതികരിക്കുന്നത് ഇങ്ങനെ ‘സ്‌ക്രീന്‍ സ്‌പേസ് വച്ചല്ല ക്യാരക്ടര്‍ എഴുതുന്നത്. സാധാരണ കണ്ണു കൊണ്ടല്ല ഉള്‍ക്കണ്ണു കൊണ്ടു നോക്കിയാലെ തന്റെ കാഴ്ചപ്പാട് മനസിലാകൂ’- എന്നാണ്.
അല്‍ഫോണ്‍സ് പുത്രന്റെ കുറിപ്പ്:
”ഗോള്‍ഡ് എന്ന സിനിമയില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ റോള്‍ കുറവാണ് എന്ന് കുറച്ചു പേര്‍ക്ക് പരാതിയുണ്ട്. അങ്ങനെ ഉള്ളവര്‍ക്ക് എന്റെ മറുപടി. സ്‌ക്രീന്‍ സ്‌പേസ് വച്ചാണെങ്കില്‍ നിങ്ങള്‍ പറഞ്ഞത് എങ്കില്‍ ക്ഷമിക്കണം. ഞാന്‍ സ്‌ക്രീന്‍ സ്‌പേസ് വച്ചല്ല ക്യാരക്ടര്‍ എഴുതുന്നത് . എന്റെ സിനിമ സ്‌പെഷല്‍ താങ്ക്സില്‍ തുടങ്ങി ലാസ്റ്റ് ഫ്രെയിം വരെ ഉണ്ടാവും. അതുകൊണ്ട് എന്റെ കാഴ്ച്ചപ്പാട് നിങ്ങള്‍ ഒന്ന് നിങ്ങളുടെ സാധാരണ കണ്ണുംകൊണ്ടല്ല ഉള്‍ക്കണ്ണുംകൊണ്ടു നോക്കണേ. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര = സുമംഗലി ഉണ്ണികൃഷ്ണന്‍.
ആദ്യ സീനില്‍ തന്നെ ഉണ്ണികൃഷ്ണന്‍ എന്ന് പറയുന്ന പഴയ ടൈപ്പ് തന്ത അയച്ച സ്ത്രീധനം എന്ന ഏര്‍പ്പാട് ആണ് ജോഷിയുടെ വീടിന്റെ മുമ്പില്‍ കാണുന്നത്. അവസാനം ഒരു ഈഗോയില്‍ ഫോണില്‍ തെറി വിളിച്ചു കല്യാണം മുടങ്ങി വീട്ടില്‍ ഇരുന്നു ആലോചിച്ചപ്പോ തോന്നി കാണും സ്വന്തം മോളെ വെറും പണത്തിനു വേണ്ടിയായിരിക്കാം കല്യാണം ആലോചിച്ചു വന്നത്. 200 കോടിയല്ല, ഒരുപക്ഷേ ഇരുപതിനായിരം കോടി ഉണ്ടാക്കാന്‍ തന്റെ സ്വന്തം മകള്‍ക്ക് ബുദ്ധിയുണ്ട് എന്ന് ഉണ്ണികൃഷ്ണന്‍ എന്ന പഴയ തന്തയ്ക്ക് ഒരു പുതിയ ബുദ്ധി ഉദിച്ചു കാണാം. അവിടെ 200 കോടിക്ക് ഉണ്ണികൃഷ്ണന്‍ കണ്ണടച്ചപ്പോള്‍ കിട്ടിയത് തന്റെ സ്വന്തം മകളെ ”കാണാന്‍” ഉള്ള തിരിച്ചു അറിവാണ്. സുമംഗലി സ്വന്തം അമ്മയ്ക്ക് വന്ന അവസ്ഥ തനിക്ക് വേണ്ട എന്ന് ബോധം കോവിഡ് കാലത്തു വെറുതെ ഇരുന്ന് ആലോചിച്ചപ്പോ കിട്ടിക്കാണും. അതുകൊണ്ടായിരിക്കും സുമംഗലിക്ക് ഐഡിയ ഷാജിയേയും മകന്‍ സുനേഷ് ഷാജിയേയും ഔട്ട് ഓഫ് പ്ലേസ് ആയി തോന്നിയത്.
ഇനി പ്രേമത്തില്‍ ജോര്‍ജ് സെലിന്‍ എന്ന ക്യാരക്ടറിന് കേക്ക് കൊടുക്കുന്നത് സ്പൂണില്‍ കഴിക്കുന്ന സ്ലോ മോഷന്‍ ഷോട്ടും എല്ലാം ഗോള്‍ഡിലും ഇന്‍ഡ്. സ്പൂണും കേക്കും അവിടെ തന്നെ ഉണ്ട്. നിങ്ങള്‍ എടുത്തു കഴിച്ചോ . നിങ്ങളും വളര്‍ന്നില്ലേ. ഞാന്‍ അതുകൊണ്ട് സ്പൂണ്‍ ഫീഡിങ് ഒഴിവാക്കി. കുറച്ചു ഹെല്‍ത്ത് പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ടാണ് പ്രൊമോഷനും ഇന്റര്‍വ്യൂസും കൊടുക്കാത്തത്. എത്ര ആക്ടേഴ്‌സ് വന്നാലും കാര്യമില്ല അല്‍ഫോന്‍സ് പുത്രന്‍ വന്നാല്‍ മാത്രമേ പ്രമോഷന്‍ ചെയ്യുകയുള്ളൂ എന്ന് ഏതൊക്കെയോ ചാനല്‍ പറഞ്ഞു. നിങ്ങളോടു ദേഷ്യമോ വിഷമമോ ഉള്ളത് കൊണ്ടല്ല.”-അല്‍ഫോന്‍സ് പറഞ്ഞു.