പുതിയ പൃഥ്വിരാജ് ചിത്രം ‘ഗുരുവായൂര്‍ അമ്പലനടയില്‍’ ചിത്രത്തിന്റെ അനൗണ്‍സ്മെന്റിന് പിന്നാലെ ഭീഷണിയുമായി മുന്‍ അന്താരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത് നേതാവ്. പൃഥ്വിരാജും ബേസില്‍ ജോസഫും ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗുരുവായൂര്‍ അമ്പലനടയില്‍’. കഴിഞ്ഞദിവസമാണ് ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്മെന്റുണ്ടായത്. എന്നാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക എന്നതൊന്നും സംബന്ധിച്ച് ഇതുവരെ പ്രഖ്യാപനങ്ങളുണ്ടായിട്ടില്ല.
ജയ ജയ ജയ ഹേ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിപിന്‍ ദാസം സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ വാര്‍ത്ത പുറത്തെത്തിയതോടെ സോഷ്യല്‍മീഡിയ ഏറെ ആവേശത്തിലായിരുന്നു. ഇതിനിടെയാണ് ചിത്രത്തിനെതിരെ ഭീഷണിയുമായി അന്താരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത് മുന്‍ നേതാവ് പ്രതീഷ് വിശ്വനാഥ് രംഗത്തെത്തിയത്.
ഗുരുവായൂരപ്പന്റെ പേരില്‍ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കില്‍ രാജുമോന് അനൗണ്‍സ് ചെയ്ത സ്വന്തം വാരിയംകുന്നനെ ഓര്‍ത്താല്‍ മതിയെന്ന് ആണ് പ്രതീഷ് കുറിച്ചിരിക്കുന്നത്.
‘മലയാള സിനിമാക്കാര്‍ക്ക് ദിശാ ബോധം ഉണ്ടാക്കാന്‍ ഉണ്ണിമുകുന്ദന് കഴിയുന്നുണ്ട് എന്ന് വ്യക്തമായി. എന്നാല്‍ ഗുരുവായൂരപ്പന്റെ പേരില്‍ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കില്‍ രാജുമോന് അനൗണ്‍സ് ചെയ്ത സ്വന്തം വാരിയം കുന്നനെ ഒന്നോര്‍ത്താല്‍ മതി. ജയ് ശ്രീകൃഷ്ണ’- എന്നാണ് പ്രതീഷ് വിശ്വനാഥ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.
Discussion about this post