മൂന്ന് വർഷത്തോളം സൈബർ ആക്രമണം നേരിടുകയാണെന്ന് വെളിപ്പെടുത്തി നടി പ്രവീണ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം സൈബർ ആക്രമണത്തെ കുറിച്ച് മനസ് തുറന്നത്. ”ഇതിനോടകം എന്റെ നൂറോളം വ്യാജ ഐഡികൾ അയാൾ നിർമിച്ചു. വ്യാജ ഫോട്ടോകൾ എല്ലാവർക്കും അയച്ചുകൊടുത്തു. എന്റെ മകളെപ്പോലും വെറുതെവിട്ടില്ല. എന്റെ ചുറ്റുമുള്ള സ്ത്രീകളെയെല്ലാം തിരഞ്ഞുപിടിച്ച് ആക്രമിച്ചു. മനുഷ്യന് ഇത്രയും മാനസിക വൈകൃതം ഉണ്ടാകുമോ…”എന്ന് വേദനയോടെ പ്രവീണ പറയുന്നു.
സോഷ്യൽമീഡിയയിലൂടെ 3 വർഷമായി തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്നു എന്ന് കാണിച്ച് ഒരു വർഷം മുൻപാണ് താരം സൈബർ പോലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട് തിരുനെൽവേലി സ്വദേശി 23കാരൻ ഭാഗ്യരാജ് അറസ്റ്റിലായിരുന്നു. ഇയാൾ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. പരാതി നൽകിയതിന്റെ വിദ്വേഷത്തിൽ വീണ്ടും വ്യാജചിത്രങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് പ്രവീണ പറയുന്നു.
വീണ്ടും ഇയാൾക്കെതിരെ താരം പരാതി നൽകി. നടിയുടെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിലൂടെ ഡൗൺലോഡ് ചെയ്ത് മോർഫിങ്ങിലൂടെ നഗ്‌ന ചിത്രങ്ങളാക്കി പരിചയക്കാർക്കും സുഹൃത്തുക്കൾക്കും അയച്ചു നൽകുന്നുവെന്നാണ് നൽകിയിരിക്കുന്ന പരാതി. ഡൽഹിയിൽ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു ഭാഗ്യരാജ്. ഇയാളുടെ ലാപ്‌ടോപ്പിൽനിന്ന് ഇത്തരത്തിലുള്ള ഒട്ടേറെ ചിത്രങ്ങൾ നേരത്തെ കണ്ടെടുത്തിരുന്നു.
ഇപ്പോൾ വൈരാഗ്യബുദ്ധിയോടെ കൂടുതൽ ദ്രോഹിക്കുകയാണെന്നു പ്രവീണ പറഞ്ഞു. ഒരു വർഷത്തോളം നിരന്തരം പരാതി നൽകിയെങ്കിലും ഇതുവരെ നടപടി ആയിട്ടില്ല. തന്നെ വേദനിപ്പിക്കാനായി നിലവിൽ മകളുടെ ചിത്രങ്ങളാണ് ഇത്തരത്തിൽ കൂടുതലായി പ്രചരിപ്പിക്കുന്നതെന്നും പ്രവീണ പറയുന്നു. സംഭവത്തിൽ ഭാഗ്യരാജിനെരിരെ സൈബർ ബുള്ളിയിങ്ങിനും സ്റ്റോക്കിങ്ങിനും കേസെടുത്തു.
Discussion about this post