തടിച്ചിയായി, വണ്ണം ഒരുപാട് കൂടി, അസുഖങ്ങൾ അലട്ടും.. ഇത്തരം ചോദ്യങ്ങൾ നേരിടാത്തവർ വളരെ ചുരുക്കമായിരിക്കും. ഒരുപാട് ബോഡിഷെയിമിങ്ങുകൾ ഇപ്പോഴും പലരും നേരിടുന്നുണ്ട്. കൂടുതലും മോഡലിംഗ്, സിനിമ രംഗത്ത് നിൽക്കുന്നവരായിരിക്കും ബോഡിഷെയ്മിംഗിന് ഇരയാകുന്നത്. ഇപ്പോൾ താൻ കടന്നുവന്ന ബോഡിഷെയിമിങ്ങിനെ കുറിച്ച് മനസ് തുറക്കുകയാണ് പ്രശസ്ത മോഡൽ ബിയ എന്ന ഭുവനേശ്വരി ദേവി പൊതുവാൾ. യൂട്യൂബ് ചാനലിലൂടെയാണ് താരം ഇത്തരം പരിഹാസങ്ങളെ കുറിച്ച് മനസ് തുറന്നത്.
ബിയയുടെ വാക്കുകൾ;
‘2014ലാണ് മോഡലിങ് ചെയ്ത് തുടങ്ങുന്നത്. ആദ്യമൊക്കെ ഞാൻ മെലിഞ്ഞിട്ടായിരുന്നു. പിന്നെ ജീവിതശൈലികൾ മാറി, യാത്രകൾ ചെയ്യാൻ തുടങ്ങി, പലതരം ഭക്ഷണം കഴിക്കാൻ തുടങ്ങി, എനിക്ക് കുറേ മാറ്റങ്ങൾ വന്നു, ഭാരം പെട്ടെന്ന് കൂടി. അപ്പോൾ തന്നെ വർക്കുകൾ കിട്ടാതായി. തടി കൂടുതലാ, തടിച്ചിയാ എന്നുള്ള കമന്റുകളാണ് കൂടുതലും കേട്ടത്. പിന്നെ പല്ല് ശരിയല്ല എന്ന് തുടങ്ങി പല നെഗറ്റീവ് കമന്റുകളുകളും കേട്ടു.
ആദ്യമൊക്കെ സങ്കടം വന്നെങ്കിലും കുഴപ്പമില്ല എന്ന് വിചാരിച്ചു. പിന്നെയും പിന്നെയും ഈ കമന്റുകൾ കേട്ട് ഞാൻ എന്നെ തന്നെ പട്ടിണിക്കിട്ട് മെലിയാൻ നോക്കി. അതൊക്കെ മാനസികമായി ബാധിച്ചിട്ടുണ്ട്. അവസാനം തടി കുറക്കാൻ ക്ലിനിക്കിൽ വരെ പോയി. പിന്നെ ഞാനോർത്തു, ആളുകളുടെ കമന്റ് കേട്ട് എന്തിനാ വെറുതെ? എന്ന്.’
എന്താണ് പ്രശ്‌നമെന്നും എന്തുകൊണ്ടാണ് തടി കൂടുന്നതെന്നും ഒരു ഡോക്ടറെ കണ്ട് മനസ്സിലാക്കി, അതനുസരിച്ച് ഡയറ്റും സെറ്റ് ചെയ്തു. ഇൻസുലിൻ സെൻസിറ്റിവിറ്റിയും അമിതമായ സ്‌ട്രെസ് ഹോർമോണുകളുമാണ് ഭാരം കൂടാൻ കാരണക്കാരായത്. അത് അംഗീകരിച്ച് സ്വന്തം ശരീരത്തെ സ്‌നേഹിക്കാൻ തുടങ്ങിയപ്പോൾ തന്നെ ആത്മവിശ്വാസം വന്നു.
വയസ്സി ആയി, ആന്റിയായി എന്നൊക്കെ പറഞ്ഞ് ബോഡി ഷെയിം ചെയ്തവരും സ്‌കൂളിലടക്കം ബുള്ളിയിങ് നടത്തിയവരും ജീവിതത്തിലുണ്ട്. തടി കൂട്ടാനും കുറയ്ക്കാനും ശ്രമിക്കണ്ട, ആരോഗ്യകരമായി ഇരുന്നാൽ മതി, തന്റെ മെന്റൽ ഹെൽത്താണ് പ്രധാനം എന്ന തീരുമാനത്തിലേക്ക് എത്തിയതും എളുപ്പവഴിയിലൂടെ ആയിരുന്നില്ല.
Discussion about this post