മുതിർന്ന കന്നഡ നടൻ കൃഷ്ണ ജി. റാവു അന്തരിച്ചു. 70 വയസായിരുന്നു. ബുധനാഴ്ച ബംഗളൂരുവിൽ വെച്ചായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണപ്പെട്ടത്. യാഷ് നായകനായ കെജിഎഫ് ഫ്രാഞ്ചൈസിയിലെ അന്ധനായ വൃദ്ധന്റെ വേഷത്തിലൂടെ ശ്രദ്ധേയനായ താരമാണ് കൃഷ്ണ റാവു.
2018ൽ കെജിഎഫ് ചാപ്റ്റർ 1 റിലീസ് ചെയ്ത ശേഷം മുപ്പതിൽ അധികം സിനിമകളിലാണ് താരം വേഷമിട്ടത്. കന്നഡ സിനിമയിൽ പതിറ്റാണ്ടുകളായി അസിസ്റ്റന്റ് ഡയറക്ടറായിരുന്നു കൃഷ്ണ. കെജിഎഫിന്റെ ഓഡിഷനിൽ പങ്കെടുത്തപ്പോൾ കൃഷ്ണ ജി. റാവുവിന്റെ ഡയലോഗ് ഡെലിവറി നിർമാതാക്കളെ ആകർഷിക്കുകയും തുടർന്ന് അദ്ദേഹത്തെ തിരഞ്ഞെടുക്കുകയുമായിരുന്നു.
ಕೆಜಿಎಫ್ ಅಭಿಮಾನಿಗಳಿಂದ ತಾತ ಎಂದೇ ಕರೆಯಲ್ಪಡುತ್ತಿದ್ದ ಕೃಷ್ಣ ಜಿ ರಾವ್ ಅವರ ನಿಧನಕ್ಕೆ ಹೊಂಬಾಳೆ ಚಿತ್ರ ತಂಡದ ಸಂತಾಪಗಳು. ಓಂ ಶಾಂತಿ. pic.twitter.com/4goL6zVld0
— K.G.F (@KGFTheFilm) December 7, 2022
സിനിമയ്‌ക്കൊപ്പം കൃഷ്ണയുടെ കഥാപാത്രവും വലിയ പ്രേക്ഷക ശ്രദ്ധ നേടി. നാനോ നാരായണപ്പയാണ് നടന്റെ റിലീസിന് ഒരുങ്ങുന്ന സിനിമ. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം റിലീസ് ചെയ്യുന്നതിനു ദിവസങ്ങൾക്ക് മുൻപാണ് താരം ലോകത്തോട് വിടചൊല്ലിയത്.