കൊച്ചി: അധികവ്യവസ്ഥകളില്‍ പ്രതിഷേധിച്ച് ഹോളിവുഡ് സിനിമ ‘അവതാര്‍ 2’ പ്രദര്‍ശിപ്പിക്കേണ്ടെന്ന് സംസ്ഥാനത്തെ തിയേറ്ററുടമകളുടെ സംഘടനയായ ഫുയേക് തീരുമാനിച്ചു. എന്നാല്‍, മള്‍ട്ടിപ്‌ളക്‌സുകള്‍ ഡിസംബര്‍ 16 മുതല്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മലയാളം ഒഴികെയുള്ള സിനിമകളുടെ ടിക്കറ്റ് നിരക്കിന്റെ പകുതി വീതം തിയേറ്ററുടമകള്‍ക്കും വിതരണക്കാര്‍ക്കും നല്‍കുന്നതാണ് നിലവിലെ വ്യവസ്ഥ. വരുമാനത്തില്‍ 60 ശതമാനം വേണമെന്നും മൂന്നാഴ്ച തുടര്‍ച്ചയായി സിനിമ പ്രദര്‍ശിപ്പിക്കണമെന്നും വിതരണക്കാര്‍ ആവശ്യപ്പെട്ടതിനാലാണ് വിലക്ക് തീരുമാനമെന്ന് ഫുയേക് പ്രസിഡന്റ് കെ. വിജയകുമാര്‍ പറഞ്ഞു.
ഡിസംബര്‍ 16നാണ് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്. ഡിസ്നി കമ്പനിയാണ് ചിത്രം കേരളത്തിലും വിതരണം. റിലീസ് ചെയ്യുന്ന ആദ്യ ആഴ്ചയില്‍ തിയേറ്റര്‍ വിഹിതത്തിന്റെ അറുപത് ശതമാനമാണ് വിതരണക്കാര്‍ ചോദിക്കുന്നത്. എന്നാല്‍ 55 ശതമാനത്തിന് മുകളില്‍ ഒരുതരത്തിലും വിഹിതം നല്‍കാനാവില്ലെന്നാണ് തിയേറ്റര്‍ ഉടമകളുടെ നിലപാട്.
അവതാര്‍ 2 മിനിമം മൂന്നാഴ്ച്ച പ്രദര്‍ശിപ്പിക്കണം എന്നതും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സംഘടന വ്യക്തമാക്കുന്നു. അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് മാനദണ്ഡം 50.50 എന്നതാണ്. അത് ലംഘിക്കുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിയോക്ക് പറയുന്നു.
അവതാര്‍ ആദ്യഭാഗം 50.50 ധാരണ പ്രകാരം ആണ് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. അഡ്വാന്‍സ് കൊടുത്തിരുന്നില്ലെന്നും ഫിയോക് പറയുന്നു. വിഷയത്തില്‍ അവതാര്‍ 2 അണിയറ പ്രവര്‍ത്തകുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഫിയോക് വ്യക്തമാക്കി.
ഡിസംബര്‍ 16-ന് ആണ് ‘അവതാര്‍- ദി വേ ഓഫ് വാട്ടര്‍’ റിലീസിനെത്തുന്നത്. ജെയിംസ് കാമറൂണ്‍ ചിത്രം മലയാളം ഉള്‍പ്പടെ ഇന്ത്യയിലെ 6 ഭാഷകളില്‍ റിലീസ് ചെയ്യും. ഇംഗ്ലീഷിന്, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.
2009 ലാണ് അവതാര്‍ ആദ്യഭാഗം റിലീസ് ചെയ്തത്. ലോക സിനിമ ചരിത്രത്തില്‍ സാമ്പത്തികമായി ഏറ്റവും വരുമാനം നേടിയ ചിത്രമെന്ന ഖ്യാതിയും അവതാര്‍ സ്വന്തമാക്കിയിരുന്നു. 2012ലാണ് അവതാറിന് തുടര്‍ഭാഗങ്ങളുണ്ടാകുമെന്ന് ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചത്. അന്നുതന്നെ ചിത്രങ്ങളുടെ റിലീസും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
രണ്ടാം ഭാഗം 2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബര്‍ 17 നും നാലാം ഭാഗം 2024 ഡിസംബര്‍ 20നും അഞ്ചാം ഭാഗം 2025 ഡിസംബര്‍ 19നും റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ കൊവിഡ് പടര്‍ന്ന സാഹചര്യത്തില്‍ റിലീസുകള്‍ പ്രഖ്യാപിച്ച സമയത്ത് നടത്താനായിരുന്നില്ല. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.