നടി മഞ്ജിമ മോഹനും നടൻ ഗൗതം കാർത്തിക്കും വിവാഹിതരായി. ചെന്നൈയിലെ ഗ്രീൻ മിഡോസ് റിസോർട്ടിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ സംബന്ധിച്ചത്. മഞ്ജിമ തന്നെയാണ് ഗൗതവുമായുള്ള പ്രണയ ബന്ധം ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്.
ഇരുവരുടെയും വിവാഹ ചിത്രങ്ങളും മഞ്ജിമ തന്നെയാണ് പുറത്ത് വിട്ടത്. ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. ഛായാഗ്രാഹകനായ വിപിൻ മോഹന്റെ മകളാണ് മഞ്ജിമ. ബാലതാരമായാണ് മഞ്ജിമ അഭിനയ ലോകത്തേയ്ക്ക് എത്തിയത്. പിന്നീട് നായികയായും തിളങ്ങി. കളിയൂഞ്ഞാൽ എന്ന മമ്മൂട്ടി ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചാണ് തുടക്കം.
മയിൽപ്പീലിക്കാവ്, സാഫല്യം, പ്രിയം തുടങ്ങിയ സിനിമകളിലെ മഞ്ജിമയുടെ പ്രകടനം ഏറെ ശ്രദ്ധനേടി. പിന്നീട് ജി.പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കൻ സെൽഫി എന്ന സിനിമയിലൂടെ നിവിൻ പോളിയുടെ നായികയായി എത്തി. ഇപ്പോൾ തമിഴിലും തെലുങ്കിലും സജീവമാണ് മഞ്ജിമ. നടൻ കാർത്തിക്കിന്റെ മകനാണ് ഗൗതം കാർത്തിക്. പഴയകാല നടൻ മുത്തുരാമന്റെ ചെറുമകൻ കൂടിയാണ്. മണിരത്‌നം ചിത്രം കടലിലൂടെയായിരുന്നു അരങ്ങേറ്റം.