വിവാഹവേദിക്ക് ചുറ്റും വീഡിയോ പകർത്താൻ കൂടി നിന്നവരോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടതിന്റെ പേരിൽ സീരിയൽ താരം ഗൗരി കൃഷ്ണ ഒരുപാട് പഴി കേൾക്കേണ്ടതായി വന്നു. വധു ഇങ്ങനെ പെരുമാറിയത് ശരിയല്ലെന്നും വിവാഹമെന്ന ചടങ്ങിന് പ്രാധാന്യം നൽകിയില്ലെന്നുമുള്ള വിമർശനമാണ് ഉയർന്നത്.
ഇപ്പോൾ തനിക് നേരെ ഉയരുന്ന വിമർശനങ്ങളിൽ മറുപടി നൽകി രംഗത്ത് വന്നിരിക്കുകയാണ് ഗൗരി. നവംബർ 24ന് കോട്ടയത്തു വച്ചായിരുന്നു ഗൗരിയുടെ വിവാഹം. ഗൗരി നായികയായി അഭിനയിച്ച പൗർണമിത്തിങ്കൾ സീരിയലിന്റെ സംവിധായകൻ മനോജ് പേയാട് ആണ് താരത്തിന്റെ വരൻ.
താൻ പറഞ്ഞതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ലെന്നും വധു നാണിച്ചുനിന്നില്ലെന്നു പറയുന്നവരോട് സഹതാപം തോന്നുന്നുവെന്നും ഗൗരി തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചു. ഇതോടൊപ്പം, വിഡിയോ പകർത്താനായി വേദിക്ക് ചുറ്റും കൂടി നിൽക്കുന്നവരുടെ ചിത്രവും ഗൗരി പങ്കുവച്ചു.
കുറിപ്പ് പൂർണ്ണ രൂപം
വിമർശിക്കുന്ന എല്ലാവർക്കും വേണ്ടി പോസ്റ്റ് ചെയ്യുന്നു. വിളിച്ചു വരുത്തിയ അതിഥികൾക്കൊന്നും കല്യാണം കാണാൻ സാധിക്കാത്തതു പോലെ ഇങ്ങനെ നിൽക്കുന്ന മീഡിയക്കാരോട് രണ്ട് വശത്തേക്കോ, താഴേയ്ക്കോ മാറിനിന്ന് എടുക്കാനാണ് പറഞ്ഞത്. അതു തെറ്റാണെന്ന് എന്റെ മനസാക്ഷിക്ക് തോന്നിയിട്ടില്ല. കല്യാണം കാണാൻ വന്നവരോട് മറുപടി പറയേണ്ടത് ഞങ്ങളാണ്. കല്യാണദിവസം പെണ്ണ് കാര്യങ്ങൾ നോക്കുന്നു, നാണിച്ചു നിന്നില്ല, എന്നൊക്കെ പറയുന്ന കുലസ്ത്രീ ചേച്ചി മാരോടു സഹതാപം മാത്രം.
Discussion about this post