ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നു എന്ന് നടിയുടെ പരാതി; ഡിഎസ്പിയുടെ പുതിയ ആല്‍ബത്തിന് എതിരെ കേസെടുത്ത് പോലീസ്

പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ സംഗീത സംവിധായകന്‍ ദേവിശ്രീ പ്രസാദിന് എതിരെ പോലീസ് കേസ്. ഡിഎസ്പിയുടെ പുതിയ ആല്‍ബമായ ‘ഓ പരി’ ഹിന്ദു മത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്. ഹൈദരാബാദ് സിറ്റി പോലീസിന്റെ സൈബര്‍ ക്രൈം വിഭാഗമാണ് പരാതിക്ക് പിന്നാലെ കേസെടുത്തത്.

കരാട്ടെ കല്യാണി എന്ന തെലുങ്ക് നടിയും ഹാസ്യതാരവുമാണ് പരാതി നല്‍കിയത്. മോശമായി വസ്ത്രം ധരിച്ച് സ്ത്രീകള്‍ നൃത്തം ചെയ്യുന്ന ഗാനത്തില്‍ സംഗീതസംവിധായകന്‍ ഭക്തിഗാനശകലങ്ങള്‍ ഉപയോഗിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.


സംഭവത്തില്‍ ദേവി ശ്രീ പ്രസാദ് മാപ്പുപറയണമെന്നും കല്യാണി ആവശ്യപ്പെടുന്നു. അതേസമയം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ പ്രകാരമാണ് സംഗീതസംവിധായകനെതിരെ കേസെടുത്തിരിക്കുന്നത്.

ആദ്യത്തെ പാന്‍ ഇന്ത്യന്‍ പോപ് ഗാനം എന്ന അവകാശവാദവുമായി എത്തിയ ഗാനമാണ് ഓ പരി. തെലുങ്കില്‍ ‘ഒ പിള്ള’ എന്ന പേരിലാണ് ഗാനം പുറത്തിറങ്ങിയത്.

Exit mobile version