മീ ടൂ ക്യാംപെയ്‌നിന്റെ ഭാഗമായി തമിഴ് ചലച്ചിത്രഗാനത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച തനിക്ക് പ്രതികാര നടപടികള്‍ നേരിടേണ്ടി വരുന്നെന്ന് ഗായിക ചിന്മയി. തമിഴ് ഡബ്ബിങ് യൂണിയനില്‍ തിരിച്ചെടുക്കണമെങ്കില്‍ 1.5 ലക്ഷം രൂപ പിഴ നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചതായി ചിന്മയി വെളിപ്പെടുത്തുന്നു. മീടുവിന്റെ ഭാഗമായി നടത്തിയ വെളിപ്പെടുത്തലുകളില്‍ മാപ്പു പറയണമെന്നും യൂണിയന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടതി ചിന്മയി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
ചിന്മയി പറയുന്നതിങ്ങനെ: തമിഴ്‌നാട്ടില്‍ ഡബ്ബിങ് ജോലിയില്‍ തുടരണമെങ്കില്‍ ഞാന്‍ ഒന്നരലക്ഷം രൂപ കെട്ടിവെച്ച് ഡബ്ബിങ് യൂണിയനില്‍ പുതിയതായി അംഗത്വം സ്വീകരിക്കണം. കൂടാതെ മാപ്പ് അപേക്ഷയും നല്‍കണം. 2006ല്‍ ലക്ഷങ്ങള്‍ നല്‍കിയാണ് ഞാന്‍ ഡബ്ബിങ് യൂണിയനില്‍ അംഗത്വം എടുത്തത്. ഇപ്പോള്‍ വീണ്ടും ഒന്നരലക്ഷം രൂപ നല്‍കേണ്ടതിന്റെ യുക്തി മനസ്സിലാകുന്നില്ല. പുറത്താക്കികൊണ്ടുള്ള യാതൊരു ഉത്തരവും കഴിഞ്ഞ മാസം വരെ എനിക്കു ലഭിച്ചിട്ടില്ല. എന്തിനാണ് ഞാന്‍ അംഗത്വത്തിനായി ഒന്നരലക്ഷം രൂപ നല്‍കുകയും രാധാരവിയോടു മാപ്പുപറയുകയും ചെയ്യുന്നത് എന്തിനാണെന്നു മനസ്സിലായില്ല. ഡബ്ബിങ് യൂണിയന്‍ നിയമപ്രകാരം സംഘടനയിലേക്കു പുതിയതായി എത്തുന്ന വ്യക്തി 2500 രൂപയാണ് അംഗത്വ ഫീസായി നല്‍കണ്ടത്. ഒന്നരലക്ഷം രൂപയുടെ കണക്കും മാപ്പപേക്ഷയും എന്തിനാണെന്നു മനസ്സിലായില്ല.’
യൂണിയന്റെ തലപ്പത്ത് ഇരിക്കുന്ന നടനും രാഷ്ട്രീയ നേതാവുമായ രാധാരവിക്കെതിരെ ഒരു സ്ത്രീ ഉന്നയിച്ച വെളിപ്പെടുത്തലുകളില്‍ ചിന്മയി നല്‍കിയ പിന്തുണ നടനെ ചൊടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ഡബ്ബിങ് യൂണിയനില്‍ നിന്നും ചിന്‍മയി പുറത്താക്കപ്പെടുന്നത്. യൂണിയന്റെ തലപ്പത്തിരിക്കുന്ന രാധാരവിയുടെ പ്രതികാര നടപടിയാണ് ഇതെന്നു നേരത്തെ ചിന്‍മയി ആരോപിച്ചിരുന്നു.
എന്നാല്‍ മീടു വെളിപ്പെടുത്തലുകളെ തുടര്‍ന്നല്ല നടപടി എന്ന് ഡബ്ബിങ് യൂണിയന്‍ വിശദീകരിച്ചു. രണ്ടു വര്‍ഷമായി അംഗത്വം പുതുക്കാത്തതിനാലാണ് പുറത്താക്കല്‍ നടപടിയിലേക്കു നീങ്ങിയത്. ഡബ്ബിങ്ങിലും മറ്റും അധികം അവസരങ്ങള്‍ ലഭിക്കാത്തവര്‍ പോലും അംഗത്വം പുതുക്കുന്നതില്‍ വീഴ്ച വരുത്താറില്ല. ഇത്രയും അവസരങ്ങള്‍ ലഭിക്കുന്ന ചിന്‍മയി അംഗത്വം പുതുക്കാതിരിക്കുന്നത് ശരിയായ കീഴ്വഴക്കമല്ലെന്നും യൂണിയന്‍ വിശദീകരിച്ചു.