സിനിമാ ലോകത്തുള്ള പ്രതിഫലത്തിലെ വേര്‍തിരിവിനെ കുറിച്ച് സംസാരിച്ച വിവാദത്തില്‍ അകപ്പെട്ടതിനെ കുറിച്ച് അപര്‍ണ ബാലമുരളി. സിനിമയിലെ പ്രതിഫലവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വേര്‍തിരിവുകളെ കുറിച്ചുള്ള തന്റെ പ്രതികരണം തെറ്റിദ്ധരിക്കപ്പെട്ടെന്നാണ് അപര്‍ണ പറയുന്നത്. ന്യായമായ വേതനം എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അത് തുല്യമായ പ്രതിഫലമെന്ന രീതിയില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും താരം പ്രതികരിച്ചു.
ജെന്‍ഡര്‍ വിവേചനം സിനിമയില്‍ നിലനില്‍ക്കുന്നുണ്ടെന്നും തന്റെ അതേ എക്സ്പീരിയന്‍സുള്ള പുരുഷ അഭിനേതാവിന് ലഭിക്കുന്ന ശമ്പളം കേട്ട് താന്‍ ഞെട്ടിപ്പോയിരുന്നുവെന്നുമാണ് അപര്‍ണ നേരത്തെ പ്രതികരിച്ചത്. ഇത്തരം വിവേചനങ്ങള്‍ സിനിമയിലുണ്ടാകരുതെന്നും താരം പറയുന്നു.ഈ നിലപാടില്‍ താന്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുവെന്നും ജോലി ചെയ്യുന്ന ഏതൊരാള്‍ക്കും ന്യായമായ ശമ്പളം ലഭിക്കേണ്ടതുണ്ട് എന്‌നും അപര്‍ണ ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അഭിമുഖത്തില്‍ ചോദിച്ചപ്പോഴാണ് അന്ന് ഞാന്‍ എന്റെ കുറെ കാഴ്ചപ്പാടുകള്‍ പറഞ്ഞത്. അങ്ങനെയാണ് ആ ചര്‍ച്ച തുടങ്ങിയത്. അക്കാര്യങ്ങള്‍ പറഞ്ഞതില്‍ എനിക്കൊരു പ്രശ്നവും വിഷമവുമൊന്നും ഇതുവരെ തോന്നിയിട്ടില്ല. പക്ഷെ ആ പറഞ്ഞ കാര്യം പലയിടത്തും എത്തിയത് തെറ്റായ രീതിയിലായിരുന്നു. അതുകൊണ്ടാണ് പലരും തെറ്റിദ്ധരിപ്പിക്കപ്പെട്ടതെന്നും താരം പറഞ്ഞു.
ഞാന്‍ പറയുന്ന കാര്യം എന്താണ് എന്ന് പോലും നോക്കാതെയാണ് പലരുടെയും പ്രതികരണം.പ്രതിഫലത്തെ കുറിച്ച് ഞാന്‍ അന്ന് സംസാരിച്ചപ്പോള്‍ ന്യായം എന്ന വാക്കായിരുന്നു ഉപയോഗിച്ചത്. പക്ഷെ അത് പലയിടത്തും തുല്യം എന്ന് തെറ്റിദ്ധരിക്കപ്പെട്ടു. ഞാനും നയന്‍താര മാഡവും ഒരു സിനിമ ചെയ്യുമ്പോള്‍ എനിക്ക് അവരുടെ അത്രയും സാലറി വേണമെന്ന് ഒരിക്കലും പറയാനാകില്ല. അവരുടെ അനുഭവസമ്പത്തും മാര്‍ക്കറ്റ് വാല്യുവും വേറെ തന്നെയാണെന്നും അപര്‍ണ പ്രതികരിച്ചു.