ബോളിവുഡ് ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് വിക്രം വേദ. 2017ൽ തിയറ്ററുകളിലെത്തി വൻ വിജയം നേടിയ തമിഴ് ചിത്രത്തിന്റെ റീമേക്ക് ആണ് വിക്രം വേദ. സെയ്ഫ് അലി ഖാനും ഹൃത്വിക് റോഷനുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളാകുന്നത്. സെപ്റ്റംബർ 30നാണ് ചിത്രം തീയ്യേറ്ററുകളിൽ എത്തുന്നത്.
തമിഴിൽ നടൻ മാധവൻ അവതരിപ്പിച്ച പോലീസ് വേഷം ചെയ്യുന്നത് നടൻ സെയ്ഫ് അലി ഖാൻ ആണ്. വിജയ് സേതുപതിയുടെ റോളിൽ ഹൃത്വിക് റോഷനും എത്തുന്നു. രാധിക ആപ്‌തെ, രോഹിത്ത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഹാഷ്മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയ സെയ്ഫ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
ലിബറലും വിശാലമായ ചിന്താഗതിയും ഉള്ളതുകൊണ്ട് തന്നെ താൻ ഒരു ഇടതുപക്ഷമാണെന്ന് സെയ്ഫ് അലി ഖാൻ പറയുന്നു. കൂടാതെ ഇക്കാലത്ത് തുറന്ന് പറയാൻ കഴിയാത്ത അവസ്ഥയാണെന്നും നടൻ കൂട്ടിച്ചേർത്തു.
സെയ്ഫ് അലി ഖാന്റെ വാക്കുകൾ;
വ്യാജ ഏറ്റുമുട്ടലുകളെ സിനിമാറ്റിക് ആയി അവതരിപ്പിക്കുന്നത് വലിയ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. എന്റെ കഥാപാത്രം അങ്ങനെയാണ് ചെയ്യുന്നത്. എന്നാൽ താനൊരു നല്ല വ്യക്തിയാണെന്ന് എന്റെ കഥാപാത്രത്തിന് ബോധ്യമുണ്ട്. കാരണം, ഇത് ആവശ്യമായതാണെന്ന് അദ്ദേഹം കരുതുന്നു. എല്ലാത്തിനുമപ്പുറം ഞാനൊരു ഇടതുപക്ഷക്കാരനാണ്.
ഇക്കാലത്ത് ഇങ്ങനെയൊക്കെ പറയാനാവുന്ന സാഹചര്യമാണോ എന്നറിയില്ല. പക്ഷേ, അതെ, താൻ ലിബറലും വിശാലമായ ചിന്താഗതിയുള്ളയാളുമാണ്. വിധിക്ക് മുമ്പ് എല്ലാവർക്കും ന്യായമായ വിചാരണയുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ആളുമാണ് ഞാൻ.