ആരോഗ്യവാനായി നടൻ ശ്രീനിവാസന്റെ തിരിച്ചു വരവ് കാത്തിരിക്കുകയാണ് ആരാധകർ. താരത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് അടുത്തിടെയാണ് വാർത്തകളിൽ നിറഞ്ഞത്. ഇപ്പോൾ നിറഞ്ഞ പുഞ്ചിരിയോടെ നിൽക്കുന്ന ശ്രീനിവാസന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
നടി സ്മിനു സിജോയാണ് പ്രതീക്ഷ നിറയ്ക്കുന്ന ചിത്രം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. അസുഖപർവം താണ്ടി ശ്രീനിവാസൻ ജീവിതത്തിലേക്കു തിരിച്ചുവരുകയാണെന്നും അദ്ദേഹം ഇപ്പോൾ പൂർണ ആരോഗ്യവാനാണെന്നും സ്മിനു പറയുന്നു.
ഇൻസ്റ്റാഗ്രാം കുറിപ്പിന്റെ പൂർണ്ണ രൂപം;
‘ഈ സന്തോഷം എന്നും മായാതിരിക്കട്ടെ. ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാർഥിച്ച എല്ലാവർക്കും സന്തോഷിക്കാനും കൂടിയാണ് ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ചെറിയ ചില ആരോഗ്യപ്രശ്നങ്ങൾ ഒഴിച്ചാൽ ശ്രീനിയേട്ടൻ ഇന്ന് പൂർണ ആരോഗ്യവാനാണ്. ഇന്ന് ഞാൻ ശ്രീനിയേട്ടന്റെ വീട്ടിൽ പോയി.
സന്തോഷത്തോടെ എന്നെ കെട്ടിപ്പിടിച്ച് സ്വീകരിച്ച വിമലാന്റിയും കണ്ട ഉടനെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ശ്രീനിയേട്ടനും, ധ്യാനിന്റെ ഇന്റർവ്യൂ തമാശകൾ പറയുമ്പോൾ മതിമറന്നു ചിരിക്കുന്ന സ്നേഹനിധികളായ മാതാപിതാക്കളുടെ സന്തോഷവും.
ധ്യാൻ ഇന്റർവ്യൂവിൽ പറയാൻ മറന്നതോ അതോ അടുത്ത ഇന്റർവ്യൂവിൽ പറയാൻ മാറ്റിവച്ചതോ അറിയില്ല, എന്തായാലും പഴയ നർമത്തിന് ഒട്ടും മങ്ങൽ ഏൽപിക്കാതെ, ധ്യാൻമോന്റെ ചെറുപ്പകാലത്തെ തമാശകളും ഇടയ്ക്ക് മാത്രം കാണിക്കുന്ന പക്വതകളും അഭിമാനത്തോടെ പറഞ്ഞു ചിരിക്കുന്ന ശ്രീനിയേട്ടനെയും ശ്രീനിയേട്ടന്റെയും മക്കളുടെയും നിഴലായി മാത്രം ജീവിക്കുന്ന വിമലാന്റിയുടെയും കൂടെ ചെലവഴിക്കാൻ പറ്റിയ നിമിഷങ്ങൾ എന്റെ ഏറ്റവും വല്യ അഭിമാന നിമിഷങ്ങളാണ്.
പൂർണ ആരോഗ്യവാനായി, എഴുതാൻ പോവുന്ന മനസ്സിലുള്ള അടുത്ത തിരക്കഥയെപ്പറ്റി വാതോരാതെ സംസാരിച്ച ശ്രീനിയേട്ടൻ. ആ കണ്ണുകളിലെ തിളക്കം, ആത്മവിശ്വാസം അതു മാത്രം മതി നമ്മൾ മലയാളികൾക്ക് നമ്മുടെ പ്രിയപ്പെട്ട ശ്രീനിയേട്ടന്റെ തിരിച്ചു വരവിന്.’
Discussion about this post