സംവിധായകൻ എന്നതിൽ നിന്ന് മാറി നായകനിലേക്ക് എത്തി യൂട്യൂബ് സീരീസുകളിലൂടെ ശ്രദ്ധേയനായ കാർത്തിക് ശങ്കർ. പ്രശസ്ത സംവിധായകൻ ബാബു തിരുവല്ല ഒരുക്കുന്ന സമം എന്ന ചിത്രത്തിലൂടെയാണ് കാർത്തിക് നായകനായി അരങ്ങേറ്റം കുറിക്കുന്നത്.
മിന്നാമിനുങ്ങിന് നൂറുങ്ങുവെട്ടം, അമരം, സവിധം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവാണ് ബാബു തിരുവല്ല. തനിയെ, തനിച്ചല്ല ഞാൻ, മൗനം എന്നീ ചിത്രങ്ങളുടെ രചയിതാവും, സംവിധായകനുമായി, സംസ്ഥാന, ദേശീയ, അന്തർദേശീയ പുരസ്‌ക്കാരങ്ങൾ നേടിയ വ്യക്തി കൂടിയാണ് ബാബു തിരുവല്ല.
നീണ്ട ഇടവേളക്ക് ശേഷം രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് സമം. ഇത് പ്രേക്ഷകർക്കും വലിയ പ്രതീക്ഷയാണ് നൽകുന്നത്. മനോജ് കെ.ജയൻ, അശോകൻ, പുത്തില്ലം ഭാസി, ഷീലു എബ്രഹാം, കൃതിക പ്രദീപ്, രാധിക എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സിംഫണി ക്രിയേഷൻസിനു വേണ്ടി ബാബു തിരുവല്ല തന്നെ നിർമ്മിയ്ക്കുന്ന സിനിമയുടെ ചിത്രീകരണം സെപ്റ്റംബർ 15-ന് തിരുവല്ലയിലും പരിസരങ്ങളിലുമായി ആരംഭിക്കുമെന്നാണ് വിവരം.