നടൻ സിജു വിൽസണിന്റെ സിനിമാ ജീവിതത്തിന്റെ ബ്രേക്ക് ത്രൂ ചിത്രമായി മാറിയിരിക്കുകയാണ് കഴിഞ്ഞ ദിവസം തീയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ പത്തൊൻപതാം നൂറ്റാണ്ട്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രേക്ഷകരുടെ പ്രതികരണം കണ്ട് കണ്ണ് നിറഞ്ഞിരിക്കുകയാണ് നടൻ സിജു വിൽസൺ.
ചിത്രം കണ്ടിറങ്ങിയ ഭാര്യ നൽകിയതാകട്ടെ സ്‌നേഹചുംബനവും. സിനിമയുടെ ആദ്യ ഷോ പ്രേക്ഷകർക്കൊപ്പമാണ് സിജു വിൽസൺ കണ്ടത്. വിനയന്റെ ശക്തമായ തിരിച്ചുവരവ് അടയാളപ്പെടുത്തിയ സിനിമയിൽ സിജു വിൽസന്റെ കരുത്തുറ്റ അഭിനയപ്രകടനത്തിനാണ് ജനം കൈയ്യടിച്ചത്. സിജു വിൽസണിന്റെ സന്തോഷ കണ്ണീർ ഇതിനോടകം സോഷ്യൽമീഡിയയിൽ നിറഞ്ഞു കഴിഞ്ഞു.
സമീപകാലത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന മികച്ച സ്‌ക്രീൻ കൗണ്ടുമായാണ് തിരുവോണ ദിനത്തിൽ ചിത്രം തിയറ്ററുകളിൽ എത്തിയത്. കേരളത്തിൽ മാത്രം 200ൽ ഏറെ സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ റിലീസു ചെയ്യുന്ന ചിത്രം, 1800 കാലഘട്ടത്തിലെ സംഘർഷാത്മകമായ തിരുവിതാംകൂർ ചരിത്രമാണ് പറയുന്നത്. എം.ജയചന്ദ്രനാണ് സിനിമയുടെ സംഗീത സംവിധാനം.