നടൻ യാഷിനെ കേന്ദ്രകഥാപാത്രമാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫിലെ ഖാസിം ചാച്ച എന്ന കഥാപാത്രം പ്രേക്ഷകർ മറന്നു കാണാനിടയില്ല. ഹരീഷ് റോയിയാണ് കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ചത്. താരം ഇപ്പോൾ അർബുദ ബാധിതനാണെന്നും ചികിത്സയ്ക്കുള്ള പണത്തിനായി ബുദ്ധിമുട്ടുകയാണെന്നുമാണ് വിവരം.
തന്റെ നില ഓരോ ദിവസം ചെല്ലുംതോറും വഷളായിക്കൊണ്ടിരിക്കുകയാണെന്നും സഹായം വേണമെന്നും അദ്ദേഹം കന്നഡയിലെ ഒരു യൂട്യൂബ് ചാനലിനോട് പറഞ്ഞതായാണ് വരുന്ന റിപ്പോർട്ടുകൾ. നാലുവർഷം മുമ്പാണ് തൊണ്ടയിൽ ചെറിയൊരു മുഴ ശ്രദ്ധയിൽപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചെറിയ കുട്ടികളാണുള്ളത് എന്നതിനാൽ സർജറിക്ക് ഭയന്നു. ആദ്യം കെ.ജി.എഫ് ചെയ്യാം. അതിന് ശേഷം ശസ്ത്രക്രിയ നടത്താമെന്നായിരുന്നു കരുതിയത്.
എന്നാൽ, അപ്പോഴേക്കും അർബുദം ശ്വാസകോശം വരെ എത്തിയിരുന്നു. കഴുത്തിൽ നീർക്കെട്ടും വർധിച്ചു. ഇത് മറയ്ക്കാനാണ് കെ.ജി.എഫ് ചാപ്റ്റർ 2-ൽ താടിനീട്ടി അഭിനയിച്ചത്. ആദ്യം പണമില്ലാത്തതിനാൽ ശസ്ത്രക്രിയ മാറ്റിവച്ചു. സിനിമകൾ പുറത്തിറങ്ങുന്നത് വരെ ഞാൻ കാത്തിരുന്നു. തന്റെ രോഗം ഇപ്പോൾ നാലാം ഘട്ടത്തിലാണ്. കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്നും താരം വെളിപ്പെടുത്തി.
കെ.ജി.എഫിലെ ഒരു നിർണായകരംഗം ചിത്രീകരിക്കുമ്പോൾ ശ്വാസമെടുക്കാൻ നന്നായി ബുദ്ധിമുട്ടിയിരുന്നെന്നും ഹരീഷ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യാൻ തന്റെ ഫോണിൽ നിന്ന് ധനസഹായം അഭ്യർത്ഥിച്ച് ഒരു വീഡിയോ എടുത്തിരുന്നു. എന്നാൽ അത് പോസ്റ്റ് ചെയ്യാൻ തനിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെജിഎഫ് സിനിമകൾ ചെയ്യുന്നതിനിടയിൽ ഹരീഷ് റോയിക്ക് ശ്വാസം മുട്ടൽ പതിവായിരുന്നു.
അതിനാൽ പരിശോധന നടത്തിയപ്പോൾ അസുഖത്തിന് ഉടൻ ചികിത്സ ആവശ്യമാണെന്ന് മനസ്സിലായി. സ്വകാര്യ ആശുപത്രിയിലെ ചികിൽസയ്ക്ക് പണമില്ലാത്തതിനാൽ ഒരു സുഹൃത്താണ് ബംഗളൂരുവിലെ കിദ്വായ് സർക്കാർ കാൻസർ ചികിത്സാകേന്ദ്രം നിർദേശിക്കുന്നത്. അവിടെ അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായി. റേഡിയേഷൻ തെറാപ്പി തുടർന്നെങ്കിലും കാര്യമായ പ്രയോജനം ചെയ്തില്ല. ഈയവസരത്തിലാണ് അസുഖം നാലാം ഘട്ടത്തിലെത്തിയതായി ഡോക്ടർ അറിയിച്ചത്. ഇതോടെയാണ് അഭ്യർത്ഥനയുമായി രംഗത്ത് വന്നത്.